KeralaNEWS

പൊലീസിലും ഇത്ര അധമന്മാരോ…?സഹപ്രവർത്തകന്റെ ഭാര്യാ പിതാവിനെ പീഡന കേസിൽ കുടുക്കുമെന്ന് ഭീക്ഷണിപ്പെടുത്തി വാങ്ങിയത് 15000 രൂപ, കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയ പെരുവന്താനം സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്കും, ഒരു എ.എസ്.ഐക്കും സസ്പെൻഷൻ

     പെരുവന്താനം സ്റ്റേഷനിലെ എസ്.ഐ സാലി പി ഷബീർ ഗായകനാണ്. എവിടെ സംഗീതമുണ്ടോ അവിടെ സാലിയുമുണ്ട്. കലാകാരനായ ഈ സബ് ഇൻസ്പെടർ പക്ഷേ കണക്കു പറഞ്ഞു കാശു വാങ്ങുന്ന കൊടിയ അഴിമതിക്കാരനും കൂടിയാണ്. ആ കഥയാണ് ചുവടെ പറയുന്നത്.

മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ വാറന്റ് പ്രതിയുടെ വീട് കാണിച്ച് കൊടുത്തതിന്റെ പേരിൽ ആ സ്റ്റേഷനിലെ പൊലീസുകാരന്റെ ഭാര്യാ പിതാവിനെ പീഡന കേസിൽ
കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പെരുവന്താനത്തെ ഗ്രേഡ് എസ് ഐ സാലി പി ഷബീറിന്റെ നേതൃത്വത്തിൽ 15000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് രണ്ട് ഗ്രേഡ് എസ്.ഐമാരേയും, ഒരു എ.എസ്.ഐയേയും അന്വേഷണ
വിധേയമായി ഡി.ഐ.ജി
സസ്പെൻഡ് ചെയ്തത്. പെരുവന്താനം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐമാരായ സാലി പി ഷബീർ, പി.എച്ച് ഹനീഷ്, എ.എസ്.ഐ ബിജു. പി ജോർജ് എന്നിവരേയാണ് സസ്പെൻഡ് ചെയ്തത്.

മുണ്ടക്കയം സ്റ്റേഷനിൽ പെൻഡിംഗ് കിടന്ന പഴയ വാറന്റ് കേസിലെ പ്രതി പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കലിൽ താമസമുണ്ടെന്ന് പൊലീസിനു വിവരം കിട്ടി. ഇതനുസരിച്ച് പ്രദേശത്തെ താമസക്കാരനായ ശ്രീധരനോട് വിവരങ്ങൾ തിരക്കുകയും പ്രതി താമസിക്കുന്ന വീട് കണ്ടെത്തുകയും ചെയ്തു. പൊലീസ് ചെന്നപ്പോൾ പ്രതി മുങ്ങിയെങ്കിലും പിന്നീട് ഇയാളെ പിടികൂടി. മുണ്ടക്കയം സ്റ്റേഷനിലെ പൊലീസുകാരൻ ശ്രീജിത്തിന്റെ ഭാര്യാ പിതാവാണ് ശ്രീധരൻ.

അടുത്ത ദിവസം, പ്രതിയുടെ കൂടെ താമസിച്ചിരുന്ന ഷൈല എന്ന സ്ത്രീ ശ്രീധരന്റെ വീട്ടിലെത്തി അസഭ്യം പറയുകയും അടിപിടി ഉണ്ടാക്കുകയും
ചെയ്തുവത്രേ. അതേ തുടർന്ന് ശ്രീധരനും പിന്നീട് ഈ സ്ത്രീയും പെരുവന്താനം പൊലീസിൽ പരാതിയും നൽകി.
പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോൾ, ശ്രീധരൻ തന്നെ കയറി പിടിച്ചെന്നും മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നും
ഈ സ്ത്രീ രണ്ടാമതൊരു പരാതി കൂടി നൽകി.
ഈ പരാതിയിലാണ് പൊലീസുകാന്റെ ഭാര്യാ പിതാവ് ശ്രീധരനെ  പീഡന കേസിൽ
കുടുക്കുമെന്ന്  പറഞ്ഞ് പെരുവന്താനം സ്റ്റേഷനിലെ പൊലീസുകാർ 15,000 രൂപ കൈക്കൂലി വാങ്ങിയത്.

ഇവിടെയാണ് കഥയുടെ ക്ലൈമാക്സ്.

കേസ് ചാർജ് ചെയ്യാതെ സ്റ്റേഷനിൽ തന്നെ അനുരഞ്ജന ചർച്ച നടത്തി ഒത്തുതീർപ്പാക്കാമെന്ന് എസ്.ഐ സാലി പി ഷബീർ നിർദ്ദേശിക്കുന്നു. പരാതിക്കാരിക്കും പ്രതി ശ്രീധരനും അദ്ദേഹത്തിന്റെ മരുമകൻ മുണ്ടക്കയം സ്റ്റേഷനിലെ പൊലീസുകാരൻ ശ്രീജിത്തിനും ഇത് സമ്മതമായി. കേടുപാടു സംഭവിച്ച പരാതിക്കാരിയുടെ സ്വർണ്ണമാലക്കും മൊബൈൽ ഫോണിനും പകരം പുതിയത് വാങ്ങി കൊടുക്കാം എന്ന് പ്രതി സമ്മതിച്ചു. അപ്പോഴാണ് എസ്.ഐയുടെ പുതിയ നിർദ്ദേശം:

പരാതിക്കാരിക്ക് മൂന്നലക്ഷം രൂപ പ്രതി നഷ്ടപരിഹാരം നൽകണം …! ആ സ്ത്രീ പക്ഷേ നഷ്ടപരിഹാരം ആവശ്യപ്പെട്ടില്ല എന്നതാണ് സത്യം. ശ്രീധരൻ കുറ്റം ചെയ്തിട്ടില്ലെന്നും കള്ളക്കേസ് ആണെന്നും അനുരഞ്ജന ചർച്ചയിൽ പങ്കെടുത്ത വാർഡ് മെമ്പറും പെരുവന്താനം പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ബൈജു ഇ.ആർ സാക്ഷ്യപ്പെടുത്തിയിട്ടും എസ്ഐക്കു ബോധ്യമായില്ല. തൊഴിലുറപ്പ് പണിക്കാരനായ ശ്രീധരൻ എങ്ങനെ മൂന്നുലക്ഷം രൂപ ഉണ്ടാക്കും…? ഒടുവിൽ നഷ്ടപരിഹാരം 25,000 ആയി കുറച്ചു. ഒപ്പം സ്വർണ്ണമാലയും മൊബൈൽഫോണും വാങ്ങി കൊടുക്കാന്നും സമ്മതിച്ചു. കേസ് ഒത്തുതീർപ്പിലെത്തി എല്ലാവരും പിരിയാൻ തുടങ്ങിയപ്പോഴാണ് എസ്.ഐ തന്റെ തനി നിറം പ്രകടിപ്പിച്ചത്. പീഡനനിയമം ചുമത്തി ജാമ്യമില്ല വകുപ്പു പ്രകാരം ചാർജ് ചെയ്യേണ്ട കേസ് അനുരഞ്ജനത്തിൽ അവസാനിപ്പിച്ചതിന് പ്രത്യുപകാരമായി പണം വേണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ കൈക്കൂലിയായി 15,000 രൂപ കണക്കു പറഞ്ഞ് വാങ്ങി.
വാറന്റ് കേസിലെ പ്രതിയുടെ വീട് കാണിച്ചു കൊടുത്ത ഒരു പാവപ്പെട്ടവന് കിട്ടിയ എട്ടിന്റെ പണിയാണിത്.

പെരുവന്താനത്തെ പൊലീസുകാർ രഹസ്യമായി നടത്തിയ ഇടപാട് ഒടുവിൽ നാട്ടിൽ പാട്ടായി. എന്തായാലും പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന ചൊല്ല് അന്വർത്ഥമായി.

Back to top button
error: