
മലപ്പുറം: നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലറുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയ ജീപ്പിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു. ഇത് മൂന്നാം തവണയാണ് ജീപ്പിനു നേരെ ആക്രമണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. രാമംകുത്ത് എ.പി. റസിയയുടെ വീട്ടില്‍ 9ന് രാത്രിയാണ് സംഭവം.
ഭര്‍ത്താവ് അബ്ദുവിന്റെ പേരിലുള്ള ജീപ്പ് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. ഹെല്‍മറ്റ് ധരിച്ചെത്തിയ അക്രമി ബൈക്കില്‍ വരുന്നതും ചില്ലില്‍ ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചില്ലുതകരാതെ വന്നപ്പോള്‍ റോഡില്‍നിന്ന് കല്ലെടുത്ത് എറിഞ്ഞുടച്ചു. തുടര്‍ന്ന് ബൈക്കില്‍ മടങ്ങി. സംഭവം നടക്കുമ്പോള്‍ അബ്ദുവും റസിയയും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ടു പുറത്തിറങ്ങി നോക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കാണാത്തതിനാല്‍ കിടന്നുറങ്ങി.
രാവിലെയാണ് വണ്ടിയുടെ ചില്ല് തകര്‍ത്തത് ശ്രദ്ധയില്‍പെട്ടത്. ഒരു മാസത്തിനിടെ മൂന്നു തവണ ജീപ്പിനു നേരെ ആക്രമണമുണ്ടായതായി പരാതിയില്‍ പറയുന്നു. ആദ്യം കല്ലെറിഞ്ഞ് ചില്ല് തകര്‍ത്തു. 2 ആഴ്ച മുന്‍പ് പിന്നിലെ നമ്പര്‍ പ്ലേറ്റ് മുറിച്ചിട്ടു. തുടര്‍ന്നാണ് സിസി ടിവി വച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമിയെ ഉടന്‍ പിടികൂടണമെന്ന് നഗരസഭാ ഭരണ സമിതി പ്രമേയം പാസാക്കി.