KeralaNEWS

കണ്ണൂരില്‍ ചരക്കുലോറി ഡ്രൈവറുടെ കൊലപാതകം: മൂന്നാം പ്രതിയും അറസ്റ്റില്‍

    കണ്ണൂര്‍:  ജവഹര്‍ സ്റ്റേഡിയത്തിന് സമീപം ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ മൂന്നാം പ്രതിയും അറസ്റ്റില്‍. കണിച്ചാര്‍ പഞ്ചായതിലെ പൂളക്കുറ്റി സ്വദേശിയായ വി ഡി ജിന്റോയെ (39) കൊലപ്പെടുത്തിയ കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ റാഫിയെ(30)യാണ് കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹനനും സംഘവും അറസ്റ്റു ചെയ്തത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പൊലീസ് സ്റ്റേഷന്‍ റോഡില്‍ ജിന്റോയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അല്‍ത്താഫ് (36) കതിരൂര്‍ പഞ്ചായത് പരിധിയില്‍പെട്ട ഷബീര്‍ (36) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് സമീപം ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തു നിര്‍ത്തിയിട്ട ലോറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന ജിന്റോയെ മോഷണം ലക്ഷ്യമിട്ടെത്തിയ പ്രതികള്‍ കത്തിക്കൊണ്ടു കുത്തുകയായിരുന്നു. ഈ കത്തി പിന്നീട് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജിന്റോയുടെ വലതുകാല്‍ മുട്ടിനു താഴെയാണ് കുത്തേറ്റത്. ഇവിടെ നിന്നും 160-മീറ്ററോളം ഓടിയ ജിന്റോ  പൊലിസ് സ്റ്റേഷന്‍ റോഡില്‍ ഫുട്ബോള്‍ ഫ്രന്‍ഡ് കോച്ചിങ് സെന്ററിനു സമീപം വീഴുകയായിരുന്നു.

പൊലീസ് സ്റ്റേഷനിലെത്താം എന്ന പ്രതീക്ഷയിലാണ്ല്‍ ഓടിയെന്നാണ് കരുതുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ജിന്റോയെ റോഡരികില്‍ കണ്ട മറ്റൊരു ലോറി ഡ്രൈവറും അതുവഴിയെത്തിയ രണ്ടു യുവാക്കളും ചേര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്. അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

ചോര വാര്‍ന്നാണ് മരം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടില്‍ പറയുന്നത്. അറസ്റ്റിലായ അല്‍ത്താഫ് എട്ട് കേസുകളില്‍ പ്രതിയാണ്. ഇപ്പോള്‍ കാഞ്ഞങ്ങാടാണ് താമസം. ഇയാള്‍ നാലുമാസം മുന്‍പാണ് ജയിലില്‍ നിന്നുമിറങ്ങിയത്. പ്രതികള്‍ ഉപയോഗിച്ച കത്തി, ഇടിക്കട്ട, ചോര പുരണ്ട വസ്ത്രങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു.

കാസര്‍കോട്, കുമ്പള, കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനുകളില്‍ വധ ശ്രമമുള്‍പെടെയുള്ള കേസുകള്‍ കസ്റ്റഡിയിലായ റാഫിക്കെതിരെ നിലവിലുണ്ട്. ജയിലില്‍ വച്ചാണ് മൂവരു പരിചയപ്പെട്ടത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഇതിനിടെ കണ്ണൂര്‍ നഗരത്തിലെ ക്രമസമാധാന തകര്‍ച്ചയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ രംഗത്തെത്തി. പൊലീസ് കമ്മീഷനറുടെ ഓഫീസിന് സമീപം നടന്ന അതിദാരുണമായ കൊലപാതകം കണ്ണൂരിലെ ക്രമസമാധാന നില എത്രമാത്രം ‘ഭദ്ര’മാണെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: