IndiaNEWS

കേരളം മാത്രമല്ല കേന്ദ്രവും കടക്കെണിയിൽ; 15.4 ലക്ഷം കോടി രൂപ കൂടി വായ്പയെടുക്കാന്‍ കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കേരളം കടക്കെണിയിലെന്ന് വിലപിക്കുന്നവരുടെ ശ്രദ്ധയ്ക്ക് … സംസ്ഥാനം മാത്രമല്ല കേന്ദ്ര സർക്കാരും വൻ കടക്കെണിയിലാണെന്നും അത് ഇനിയും കൂട്ടാൻ തന്നെയാണ് തീരുമാനമെന്നുമാണ് പുറത്തു വരുന്ന വിവരം. അടുത്ത സാമ്പത്തിക വര്‍ഷം 15.4 ലക്ഷം കോടി രൂപ കൂടി കടമെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വായ്പയെടുക്കലിലെ ഇതു വരെയുള്ള റെക്കോഡ് തുകയാണിത്. ഈ സാമ്പത്തികവര്‍ഷം 14.21 ലക്ഷം കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ വായ്പയെടുത്തത്.

ഡേറ്റഡ് സെക്യൂരിറ്റികളില്‍നിന്ന് 11.8 ലക്ഷം കോടി സമാഹരിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചെറു സമ്പാദ്യ പദ്ധതികളില്‍നിന്നും മറ്റു സ്രോതസ്സുകളില്‍നിന്നുമായി, കമ്മി നികത്തുന്നതിന് ശേഷിച്ച തുക കണ്ടെത്തും. വിപണിയില്‍നിന്നുള്ള ആകെ കടമെടുപ്പ് 15.4ലക്ഷം കോടി രൂപ ആയിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം 12.93 ലക്ഷം കോടി രൂപ വായ്പയെടുത്തതെന്നാണ് ജനുവരി 27 വരെയുള്ള കണക്ക്. വായ്പാ ലക്ഷ്യത്തിന്റെ 91 ശതമാനമാണിത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം കടം ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ (ജിഡിപി) 83 ശതമാനമാണ്. ഈ വര്‍ഷം ധനകമ്മി 6.4 ശതമാനത്തില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

Back to top button
error: