KeralaNEWS

യെമനില്‍ മലയാളി നഴ്‌സിന്റെ വധശിക്ഷ; നടപടികള്‍ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷന്‍ നിര്‍ദേശം, പ്രതീക്ഷകള്‍ മങ്ങി

കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി പ്രോസിക്യൂഷന്‍ ഇടപെടല്‍. കേസിലെ നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശം നല്‍കി.

കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ ഉടന്‍ സുപ്രീം കോടതിയില്‍ നല്‍കണം. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ നടപടി.

ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. സ്വദേശി യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്, യമനില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്.

യമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും. ഇളവിനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയാധനമായി (നഷ്ടപരിഹാരത്തുക) 50 ദശലക്ഷം യമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) നല്‍കേണ്ടി വരുമെന്ന് യമന്‍ അധികൃതര്‍ അറിയിച്ചിരുന്നു.

 

 

Back to top button
error: