CrimeNEWS

മക്കളുടെ മരണത്തില്‍ കാല്‍നൂറ്റാണ്ട് പഴക്കമുള്ള പക; ദമ്പതിമാരെ അയല്‍വാസി പെട്രോളിഴിച്ച് തീകൊളുത്തി, ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

തിരുവനന്തപുരം: കിളിമാനൂര്‍ വടവൂരില്‍ അയല്‍വാസിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റ് മരിച്ച പ്രഭാകരക്കുറുപ്പിന്റെ ഭാര്യയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിമലയാണ് മരിച്ചത്. അയല്‍വാസി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച ശേഷം ഇരുവരേയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. അക്രമം നടത്തിയ ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയ ശശിധരന്‍ ദമ്പതിമാരെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഇരുവരെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിനിടെ ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രഭാകരക്കുറുപ്പിനെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ എത്തുമ്പോഴേയ്ക്കും ജീവന്‍ നഷ്ടപ്പെട്ടു.

27 വര്‍ഷം മുന്‍പ് മകന്‍ വിദേശത്തുനിന്ന് ആത്മഹത്യ ചെയ്തതിന്റെ വൈരാഗ്യമാണ് കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുംമൂടില്‍ പ്രഭാകരക്കുറുപ്പിനെ കൊലപ്പെടുത്താന്‍ ശശിധരനെ പ്രേരിപ്പിച്ചത്. ശശിധരന്റെ മകനെ ബഹ്റൈനിലേക്ക് ജോലിക്കായി അയച്ചത് പ്രഭാകരക്കുറുപ്പാണ്. എന്നാല്‍ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതില്‍ മകന്‍ നിരാശനായിരുന്നു. ഇക്കാര്യം വീട്ടില്‍ പലതവണ അറിയിച്ചശേഷമാണ് മകന്‍ ആത്മഹത്യ ചെയ്തത്. പ്രഭാകരക്കുറുപ്പിന്റെ പീഡനം കൊണ്ടാണ് മകന്‍ ജീവനൊടുക്കിയതെന്നാണ് ശശിധരന്‍ നായര്‍ പറയുന്നത്.

സഹോദരന്റെ മരണം സഹിക്കാനാവാതെ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശത്രുതയായി. ലഹള പതിവായതോടെ പ്രഭാകരക്കുറുപ്പ്, ശശിധരന്റെ വീടിനടുത്തുനിന്ന് സ്ഥലം മാറി മടവൂരില്‍ വീടു വാങ്ങി. ശശിധരന്റെ മകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഇന്നലെ പ്രഭാകരക്കുറുപ്പിനെ കോടതി വെറുതെ വിട്ടിരുന്നു.

പ്രഭാകരക്കുറുപ്പിന് രണ്ടു മക്കളാണ്. ബാങ്ക് ഉദ്യോസ്ഥയായ മകള്‍ പ്രഭാകരക്കുറുപ്പിനോടും ഭാര്യയോടും ഒപ്പമാണ് താമസം. ഇവര്‍ രാവിലെ ബാങ്കിലേക്കു പോയശേഷം 11 മണിയോടെയാണ് ശശിധരന്‍ വീട്ടിലെത്തിയത്. വാതില്‍ തുറന്ന പ്രഭാകരക്കുറുപ്പിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. നിലവിളി കേട്ട് എത്തിയ ഭാര്യ വിമലയെയും തലയ്ക്കടിച്ചു. അതിനുശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. ശശിധരനും തീപൊള്ളലേറ്റു. ഇയാള്‍ ചികിത്സയിലാണ്.

മകന്റെ മരണവുമായി ബന്ധപ്പെട്ട് പ്രഭാകര കുറുപ്പിനെതിരേ ശശിധരന്‍ നായര്‍ പരാതിയും നല്‍കിയിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഈ കേസില്‍ ഇന്നലെ കോടതി പ്രഭാകരക്കുറുപ്പിനെ കുറ്റവിമുക്തനാക്കിയിരുന്നു. വിധി വന്ന പശ്ചാത്തലത്തിലാണ് ശശിധരന്‍ ആക്രമണം നടത്തിയത്.

 

 

 

Back to top button
error: