വിഴിഞ്ഞം സമരം: സമരം നടത്തുന്നത് പ്രദേശവാസികളല്ല, പിന്നില്‍ രഹസ്യ അജണ്ടയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ദുബായ്: വിഴിഞ്ഞം സമരത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ.  സമരം നടത്തുന്നത് പ്രദേശവാസികളല്ല. പദ്ധതി നടപ്പാക്കണം എന്നാണ് പ്രദേശവാസികള്‍ക്ക്  ആഗ്രഹം. വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി ദുബായിൽ പറഞ്ഞു.

അതേസമയം വിഴിഞ്ഞം സമരക്കാരുമായി ഇന്ന്‌ മന്ത്രിസഭാ ഉപസമിതി വീണ്ടും ചർച്ച നടത്തും. ഇന്ന്‌ 11 മണിക്കാണ് ചർച്ച. മന്ത്രിമാരായ കെ രാജൻ, വി അബ്ദുറഹ്മാൻ, ശിവൻകുട്ടി, ആന്‍റണി രാജു, ജി ആർ അനിൽ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. സമരക്കാരുമായി ഇത് നാലാം വട്ടമാണ് മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തുന്നത്.  നേരത്തെ നടന്ന ചർച്ചകളിൽ തീരുമാനമായ കാര്യങ്ങൾ പോലും ഇതുവരെ നടപ്പാക്കാനായിട്ടില്ല എന്നതിനാൽ ഇക്കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. തുറമുഖ കവാടത്തിന് മുന്നിലെ സമരപന്തൽ പൊളിക്കണം എന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവും യോഗത്തിൽ സമരക്കാർ ഉന്നയിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version