KeralaNEWS

പരിശോധന നിലച്ചു; പഴകിയ മത്സ്യങ്ങള്‍ വീണ്ടും വിപണിയില്‍

അമ്പലപ്പുഴ: കൊട്ടിഘോഷിച്ച് നടത്തിയ മത്സ്യപരിശോധന നിലച്ചു. പഴകിയ മത്സ്യങ്ങള്‍ വീണ്ടും വിപണിയില്‍. പഴകിയ മത്സ്യങ്ങള്‍ കഴിച്ചവര്‍ ചികിത്സ തേടി ആശുപത്രിയില്‍. രണ്ട് മാസം മുന്‍പാണ് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പല ഭാഗങ്ങളിലും മത്സ്യ പരിശോധന ആരംഭിച്ചത്. ജില്ലയുടെ പല സ്ഥലങ്ങളില്‍നിന്നും മാസങ്ങള്‍ പഴക്കമുള്ളതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യവും പിടികൂടിയിരുന്നു. ഇടുക്കിയില്‍ മത്സ്യം കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായതോടെ സംസ്ഥാന വ്യാപക പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശമിറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.

പിന്നീടും പരാതി വ്യാപകമായതോടെയാണ് പരിശോധന പ്രഹസനം നടത്തിയത്. മാര്‍ക്കറ്റുകളില്‍ നിന്നും വാഹനങ്ങളില്‍നിന്നും പഴകിയ മീന്‍ പിടികൂടി നശിപ്പിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഈ പരിശോധനകളെല്ലാം നിലച്ചു. ഇതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം ആഴ്ചകള്‍ പഴക്കമുള്ള മീന്‍ വില്‍പ്പനയ്ക്കായി ജില്ലയില്‍ സുലഭമായിരിക്കുകയാണ്. എന്നിട്ടും ഭക്ഷ്യ സുരക്ഷാ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ മുന്‍ കാലത്തെപ്പോലെ പലയിടങ്ങളിലും മത്സ്യവും ചെമ്മീനും കഴിക്കുന്നവര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുന്നുണ്ട്. എന്നിട്ടും പരിശോധനയാരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.

കഴിഞ്ഞദിവസം തോട്ടപ്പള്ളി മാത്തേരിയില്‍ വഴിയരികില്‍നിന്ന് വാങ്ങിയ ചൂര കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ട്രോളിങ് നിരോധന കാലമായതിനാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മാത്രമാണ് കടലില്‍ പോകുന്നത്. എങ്കിലും മുന്തിയ ഇനം മത്സ്യങ്ങള്‍ വ്യാപകമായി റോഡരികില്‍ വില്‍പനയ്‌ക്കെത്തുന്നുണ്ട്. ഇവയുടെ കാലപ്പഴക്കം പരിശോധിക്കാന്‍ ഫിഷറീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.

Back to top button
error: