പാര്‍ക്ക് ചെയ്ത ബസിന്റെ ടയറില്‍ മൂത്രമൊഴിച്ചു, ചോദ്യം ചെയ്ത ജീവനക്കാരെ മര്‍ദിച്ചു: 4 യുവാക്കള്‍ അറസ്റ്റില്‍

റാന്നി: ബസിന്റെ ടയറില്‍ മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ യുവാക്കള്‍ മര്‍ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.

ഡ്രൈവര്‍ കെ.കെ.ആനന്ദ്, മെക്കാനിക്ക് റോബിന്‍ ജി.വര്‍ഗീസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തിരുവനന്തപുരം മണക്കാട് സ്വദേശികളായ ശ്രീക്കുട്ടന്‍(24), ശരത്ത്്(23), വിഷ്ണു(26), ജിബിന്‍(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലാണ് സംഭവം. സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ ടയറില്‍ ഇവരിലൊരാള്‍ മൂത്രമൊഴിച്ചതിനെ ഡ്രൈവര്‍ ആനന്ദ് ചോദ്യം ചെയ്തു. അവിടെനിന്ന് മടങ്ങിയ ഇയാള്‍ സുഹൃത്തുക്കളുമായി തിരികെ വന്ന് ആനന്ദുമായി തര്‍ക്കമുണ്ടായി. ആനന്ദിനെ മര്‍ദിക്കുന്നത് കണ്ട് ഓടി എത്തിയ റോബിനെയും യുവാക്കള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

സംഭവമറിഞ്ഞെത്തിയ പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കെത്തിയവരാണ് യുവാക്കളെന്ന് പോലീസ് പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version