വനിതാ ഹോക്കി ലോകകപ്പ്; റാണി രാംപാല്‍ ഇല്ല, ഇന്ത്യയെ സവിത പുനിയ നയിക്കും

ദില്ലി: വനിതാ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഗോള്‍ കീപ്പര്‍ സവിത പുനിയ നയിക്കും. അടുത്ത മാസം ഒന്നു മുതല്‍ 17വരെ നെതര്‍ലന്‍ഡ്സിലും സ്പെയിനിലുമായാണ് വനിതാ ഹോക്കി ലോകകപ്പ്. ഹോക്കി ഇന്ത്യ ഇന്ന് പ്രഖ്യാപിച്ച 18 അംഗ ടീമില്‍ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയെ നയിച്ച റാണി രാംപാല്‍ ഇല്ല. പരിക്കില്‍ നിന്ന് മോചിതയായി പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലാത്തതിനാലാണ് റാണി രാംപാലിനെ ഒഴിവാക്കിയത്.

ഗോള്‍ കീപ്പറായ സവിതക്ക് പുറമെ ബിച്ചു ദേവി ഖാരിബവും ടീമിലുണ്ട്. പ്രതിരോധനിരയില്‍ ദീപ് ഗ്രേസ് എക്ക, ഗുര്‍ജിത് കൗര്‍, നിക്കി പ്രഥാന്‍, ഉദിത എന്നിവരാണുള്ളത്. മധ്യനിരയില്‍ നിഷ, സുശീല ചാനു, മോണിക്ക, നേഹ, ജ്യോതി, നവജ്യോത് കൗര്‍, സോണിക, സലീമ ടിറ്റെ എന്നിവര്‍ ഇടം നേടി.

മുന്നേറ്റനിരയില്‍ പരിചയസമ്പന്നയായ വന്ദന കടാരിയ, ലാല്‍റെംസിയാമി, നവനീത് കൗര്‍, ഷര്‍മിളാ ദേവി എന്നിവരുണ്ട്. ടൂര്‍ണമെന്‍റിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരക്കാരായി യുവതാരങ്ങളായ അക്ഷത ദേഖലെ, സംഗീത കുമാരി എന്നിവരെയും ഉള്‍പ്പെടുത്തി.

ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ചൈന എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ടുമായി ജൂലൈ മൂന്നിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2018ലെ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായി. അയര്‍ലന്‍ഡായിരുന്നു ടൂര്‍ണമെന്‍റിലെ രണ്ടാം സ്ഥാനക്കാര്‍.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version