KeralaNEWS

സ്വപ്‌നയുടെ കൈയില്‍ ഒരു തെളിവുമില്ല, സ്വര്‍ണം ആര്‍ക്കെത്തിച്ചതാണെന്നറിയാം, കേസിലേക്ക് തന്നെ വലിച്ചിഴച്ചത് ജോര്‍ജെന്നും സരിത

രഹസ്യമൊഴിക്കുശേഷം എല്ലാം വെളിപ്പെടുത്തും വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി. ജോര്‍ജും ക്രൈം നന്ദകുമാറും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ സ്വപ്ന സുരേഷ് പലതും മറച്ചു വെയ്ക്കുകയാണെന്നും ഇതില്‍ പലതും തനിക്ക് അറിയാമെന്നും സരിത എസ്.നായര്‍. രഹസ്യമൊഴി നല്‍കിയ ശേഷം അത് പുറത്തുപറയും. സ്വര്‍ണം ആര്‍ക്കുവേണ്ടി എത്തിച്ചതാണെന്ന് തനിക്കറിയാമെന്നും ഇത് കോടതിക്ക് മുന്നില്‍ രഹസ്യമൊഴിയായി പറയുമെന്നും അത് പോലീസ് അന്വേഷിക്കട്ടെയെന്നും സരിത പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി. ജോര്‍ജും ക്രൈം നന്ദകുമാറും എച്ച്.ആര്‍.ഡി.എസിലെ ഉദ്യോഗസ്ഥരും ആണെന്നും സരിത ആരോപിച്ചു. സ്വപ്നയുടെ കൈയ്യില്‍ ഒരു തെളിവുകളുമില്ലെന്നും ഈ കേസിലേക്ക് തന്നെ വലിച്ചിഴച്ചത് പി.സി. ജോര്‍ജാണെന്നും അവര്‍ വ്യക്തമാക്കി.

ജയിലില്‍ വെച്ച് സ്വപ്ന പുറത്തുപറയാനാവാത്ത പല കാര്യങ്ങളും തന്നോട് പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇതിനകത്തില്ലെന്നും അവര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും അതുകൊണ്ട് ജാമ്യം കിട്ടുന്നില്ലെന്നും ജയിലില്‍വെച്ച് സ്വപ്ന പറഞ്ഞു. ജയിലില്‍ സ്വപ്ന പറഞ്ഞതുപോലെയുള്ള പീഡനങ്ങളൊന്നും തങ്ങളാരും കണ്ടില്ല. അത് എപ്പോഴാണ് സംഭവിച്ചതെന്നും അറിയില്ല. താന്‍ വളരെക്കുറച്ച് കാലമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

തന്നെപ്പോലെ പരാതിയുള്ള സ്ത്രീയാണ് സ്വപ്ന, സത്യമുണ്ടെങ്കില്‍ അവരുടെ കൂടെ നില്‍ക്കാന്‍ താന്‍ തയ്യാറാണ്. അവരുടെ കൈയില്‍ ഒരു തെളിവുമില്ല, ഒരു പേപ്പര്‍ പോലുമില്ല. ക്രൈം നന്ദകുമാറാണ് ഇത് കൊണ്ടുവരുന്നതെന്നും നന്ദകുമാറിന്റെ ഓഫീസിലാണ് ആദ്യ കൂടിക്കാഴ്ച നടന്നതെന്നും പറഞ്ഞിരുന്നു.

പി.സി. ജോര്‍ജ് സാറുമായി താന്‍ സംസാരിക്കാറുണ്ട്. ഇടയ്ക്കിടെ ഫോണ്‍ വിളിക്കുന്നത് പതിവായിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് സ്വപ്നയെ അറിയാമോ എന്ന ചോദ്യം ചോദിച്ചത്. അന്ന് ചോദിച്ച ചോദ്യത്തില്‍ എനിക്ക് വന്ന സംശയത്തിലാണ് ഇവരുടെ പശ്ചാത്തലം അന്വേഷിച്ചത്.സ്വപ്ന തന്റെയടുത്ത് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി ഇതിലൊന്നും ഇല്ലെന്നാണ്. പിന്നെ എന്തിനാണ് മുഖ്യമന്ത്രിയുടെ ഡോളര്‍ കടത്തിനെക്കുറിച്ച് മാത്രം പറഞ്ഞത്. അവര്‍ രഹസ്യമൊഴി നല്‍കിയ ശേഷം ബിരിയാണി ചെമ്പ് അടക്കമുള്ള കാര്യങ്ങള്‍ വന്നു. എന്റെ പേര് വരുന്നുവെന്ന് പറയുന്നു. അതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും സരിത പറഞ്ഞു.

എന്തുകൊണ്ടാണ് തന്റെ പേര് ഇതിലേക്ക് കൊണ്ടുവരുന്നതെന്നും അവരുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ലെന്നും സരിത പ്രതികരിച്ചു. ഒന്നുകില്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായിരിക്കാം, അല്ലെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുമെന്ന് കരുതിയാകാമെന്നും സരിത പറഞ്ഞു. സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സരിത വ്യക്തമാക്കി.

Back to top button
error: