NEWS

റമദാനും ഈസ്റ്ററും അടുത്തിട്ടും ആട് വിപണി തണുത്തു തന്നെ

ത്തനംതിട്ട: റമദാൻ മാസത്തിലാണ് ആടിന് ഏറ്റവും കൂടുതൽ വില ലഭിക്കുന്നത്.ഇതിപ്പോൾ റമദാനിനോടൊപ്പം ഈസ്റ്ററും അടുത്തുവന്നെങ്കിലും കേരളത്തിലെ ആട് വിപണി അനക്കമില്ലാതെ കിടക്കുകയാണ്.പത്തനംതിട്ട, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഒരുകിലോ ആട്ടിറച്ചി 750 രൂപക്കാണ് വില്പന നടത്തുന്നതെങ്കിലും ഒരു ആടിന് 15000 രൂപ വച്ചുപോലും കർഷകർക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
ഒരാടിന്‍റെ തൂക്കത്തിന്‍റെ 60 ശതമാനവും ഇറച്ചിയായി വില്പന നടത്താന്‍ സാധിക്കും.ഇത്തരം സാഹചര്യം ഉണ്ടായിട്ടും കര്‍ഷകരുടെ ആടുകള്‍ക്ക് ഇടനിലക്കാര്‍ വില നൽകാൻ തയാറാകുന്നില്ല. മുന്‍കാലങ്ങളില്‍ ഉത്തരേന്ത്യന്‍ വിപണിയില്‍നിന്ന് സംസ്ഥാനത്തേക്ക് വ്യാപകമായി ആടുകള്‍ എത്തിയിരുന്നു.എന്നാല്‍, ഇപ്പോള്‍ ഇത്തരത്തില്‍ ആടുകള്‍ എത്തുന്നത് പൂര്‍ണമായും നിലച്ചിട്ടുണ്ട്.ആട്ടിറച്ചിയുടെ വില വർധിക്കാൻ ഇതാണ് പ്രധാന കാരണമെങ്കിലും നാട്ടിൽ 50 കിലോയുള്ള ഒരാടിന് 15,000 രൂപയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ വില ലഭിക്കുന്നത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മീറ്റ് പ്രോഡക്‌ട് ഓഫ് ഇന്ത്യ സ്ഥാപനങ്ങള്‍വഴി കര്‍ഷകരുടെ ആടിനെ സംഭരിക്കുകയും അവര്‍ക്ക് ന്യായവില നല്‍കുകയും ഇവയിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനും സാധിക്കും.എന്നാല്‍, കര്‍ഷകരില്‍നിന്ന് ഇവര്‍ ആടിനെ സ്വീകരിക്കുന്നില്ല.ഉയര്‍ന്നവിലയ്ക്കാണ് മാംസം മീറ്റ് പ്രോഡക്‌ട് സ്ഥാപനങ്ങള്‍ വിപണനം ചെയ്യുന്നത്.കൂടാതെ ആടുകളുടെ ഭക്ഷണസാമഗ്രികളുടെ വിലവര്‍ധനയും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.മറ്റുവഴികളില്ലാതെ ഇടനിലക്കാരുടെ വിലയ്ക്ക് തന്നെ ആടുകളെ നല്‍കാന്‍ കര്‍ഷകര്‍ ബാധ്യസ്ഥരാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.മഴക്കാലത്ത് ആടുകൾക്ക് രോഗം വരാനുള്ള സാധ്യതയും ഏറെയാണ്.ഇത് മുൻകൂട്ടി കണ്ട് ആടുകളെ വിറ്റൊഴിക്കാനാണ് കർഷകരും ശ്രമിക്കുന്നത്.
റമദാനും ഈസ്റ്ററും അടുത്തുവരുന്ന സമയത്ത്, കര്‍ഷകര്‍ക്ക് ഈ വിലയാണ് ലഭിക്കുന്നതെങ്കിൽ ഇനിയങ്ങോട്ട് ഇതിനേക്കാൾ വില താഴാനാണ് സാധ്യത.അതിനാൽതന്നെ കര്‍ഷകര്‍ ആട് കൃഷിയില്‍നിന്ന് പിന്തിരിയാനും സാധ്യതയേറെയാണ്.ഇതോടെ ആട്ടിറച്ചി വില കിലോയ്ക്ക് ആയിരം കടക്കുകയും ചെയ്യും.

Back to top button
error: