KeralaNEWS

കോരനെന്ന പേര് കേരളീയ പൊതുമണ്ഡലത്തിൽ ഇത്ര പരിഹാസ്യമാക്കിത്തീർക്കേണ്ടത് ആരുടെ ആവശ്യമാണ്?  പി കെ ശ്രീകുമാർ എഴുതുന്നു:

മുണ്ടയിൽ കോരനോളം  അപമാനിക്കപ്പെട്ട ഒരു പിതാവുണ്ടോ കേരളത്തിൽ? പതിറ്റാണ്ടുകളായി ചെത്തുകാരനെന്നും ജാതി പറഞ്ഞും ആ മനുഷ്യൻ നിരന്തരം അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.മുണ്ടയിൽ കോരൻ എന്ന മനുഷ്യൻ്റെ മകനോട് രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കാനോ നിലപാടുകളെ വിമർശിക്കാനോ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.അത്  മരിച്ച് മണ്ണടിഞ്ഞിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞ ഒരു മനുഷ്യനെ ജാതീയമായി അപഹസിച്ചുകൊണ്ടാകുന്നതിൻ്റെ യുക്തി സവർണതയുടെ തികട്ടലല്ലാതെ മറ്റെന്താണ്?
കോരനെന്ന പേര് കേരളീയ പൊതുമണ്ഡലത്തിൽ ഇത്ര പരിഹാസ്യമാക്കിത്തീർക്കേണ്ടത് ആരുടെ ആവശ്യമാണ്?  കഷ്ടപ്പാടുനിറഞ്ഞ ഒരു ജീവിതത്തിൽ കുടുംബം പോറ്റാനും ദാരിദ്ര്യത്തെ അതിജീവിക്കാനുമായി ചെത്തുകാരൻ്റെ പണിയെടുത്തതാണോ ആ മനുഷ്യൻ ചെയ്ത തെറ്റ്? കോരൻ്റെ മകൻ ഇപ്പോൾ എഴുപത്തഞ്ചു വയസ്സു കഴിഞ്ഞ ഒരു മനുഷ്യനാണ്. നവോത്ഥാനാനന്തര കേരളത്തിൽ ആ മകൻ രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുണ്ട്. എൻ്റെ അച്ഛൻ്റെ വിയർപ്പിലും അധ്വാനത്തിലും അഭിമാനിക്കുന്നു എന്നാണ് ആ മകൻ പറഞ്ഞിട്ടുള്ളത്.  ഇപ്പോഴും ആ മകനും ഭാര്യയും മുണ്ടയിൽ കോരൻ്റെ പേരക്കുട്ടികളും അവരുടെ കുഞ്ഞുമക്കളും വരെ ആ മനുഷ്യനെ നിരന്തരം പുലഭ്യം പറയുന്നത് തലമുറകളായി കേട്ടുകൊണ്ടിരിക്കുകയാണ്.
മുണ്ടയിൽ കോരൻ്റെ മകൻ്റെ മകളെ മറ്റൊരു മതത്തിൽ പെട്ട ചെറുപ്പക്കാരൻ വിവാഹം കഴിച്ചതിൻ്റെ പേരിൽ അയാളെ വ്യഭിചാരി എന്ന് മുദ്രകുത്തി അവഹേളിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇതാണോ രാഷ്ട്രീയ വിമർശനം?  തെരുവുകളിൽ, സോഷ്യൽ മീഡിയയിൽ, യൂട്യൂബിൽ മുണ്ടയിൽ കോരൻ്റെ ജാതി പറഞ്ഞുള്ള അവഹേളനങ്ങൾ ബോധപൂർവ്വം പടർത്തുകയാണ്.  എത്രയോ വർഷങ്ങൾ മുമ്പ് മരിച്ചുപോയ മനുഷ്യനെ അയാളുടെ ജാതി പറഞ്ഞ് അവഹേളിച്ചുകൊണ്ടിരിക്കുന്നവർ എന്തുതരം രാഷ്ട്രീയമാണ് മുന്നോട്ടു വെയ്ക്കുന്നത്?”

Back to top button
error: