IndiaNEWS

തമിഴ്നാട്ടിൽ തായ് വാഴ്ത്ത് നിർബന്ധം; എഴുതിയത് മലയാളി

തിരുവിതാംകൂർ ചരിത്രത്തിലെ മറക്കാനാകാത്ത ഒരു പേരാണ് മനോന്മണീയം പി.സുന്ദരൻ പിള്ളയുടേത്.വിദ്യാഭ്യാസ സാംസ്ക്കാരിക രംഗത്തെ അദ്ദേഹത്തിൻ്റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്.ആലപ്പുഴയിൽ ജനിച്ച് തിരുവനന്തപുരത്ത് മരണപ്പെട്ട മനോന്മണീയം പി.സുന്ദരം പിള്ളയാണ് തമിഴ്നാടിൻ്റെ സംസ്ഥാന ഗാനം തമിഴ് തായ് പാട്ടിൻ്റെ രചയിതാവ്.സംഗീതം നൽകിയത് എം.എസ്.വിശ്വനാഥനും.
തമിഴ്നാട് സർക്കാറിൻ്റെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത് തമിഴ് തായ് വാഴ്ത്ത് ആലപിച്ചുകൊണ്ടാണ്.
വിദ്യാലയങ്ങളിലും ഇത് പാടാറുണ്ട്.
സംസ്ഥാനത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കെടുക്കുന്ന ചടങ്ങുകളിൽപ്പോലും തമിഴ് തായ് വാഴ്ത്ത് നിർബന്ധമാണ്.2018 ൽ ഒരു പൊതുചടങ്ങിൽ തമിഴ് തായ് വാഴ്ത്ത് മുഴങ്ങിയപ്പോൾ എഴുന്നേറ്റ് നിൽക്കാതിരുന്ന കാഞ്ചി മഠാധിപതി വിജയേന്ദ്ര സരസ്വതിക്കെതിരെ വൻ പ്രതിഷേധമാണ് തമിഴ്നാട്ടിൽ രൂപം കൊണ്ടത്.
ചരിത്ര പണ്ഡിതൻ, തത്ത്വചിന്തകൻ, നാടകകൃത്ത്, വിദ്യാഭ്യാസ വിചക്ഷണൻ തുടങ്ങിയ നിലകളിലൊക്കെ അറിയപ്പെട്ട
മനോന്മണീയം പി.സുന്ദരൻ പിള്ളയ്ക്ക് അർഹിക്കുന്ന അംഗീകാരം മലയാളികൾ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.
അതേ സമയം അദ്ദേഹത്തിൻ്റെ പേരിൽ തമിഴ്നാട്ടിൽ ഒരു സർവകലാശാല തന്നെയുണ്ട്.
അതാണ് തിരുനൽവേലിയിൽ സ്ഥിതിചെയ്യുന്ന മനോന്മണീയം സുന്ദരനാർ യുണിവേഴ്സിറ്റി.
മനോന്മണീയം എന്ന തമിഴ് നാടകം എഴുതിയ സുന്ദരം പിള്ള തമിഴ് ഷേക്‌സ്പീയർ എന്നും അറിയപ്പെടുന്നു.മനോന്മണീയം നാടകം തമിഴിലെ ക്ലാസിക്ക് കൃതിയായാണ് കരുതിപ്പോരുന്നത്.
തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ
ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സുന്ദരൻ പിള്ള തിരുവിതാംകൂറിലെ ആദ്യ എം,എക്കാരനാണ്.പ്രശസ്ത ചരിത്ര പണ്ഡിതനായ ഡോ. റോബർട്ട് ഹാർവ്വിയായിരുന്നു അന്ന് കോളേജ് പ്രിൻസിപ്പൽ.
വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ ജ്ഞാനപ്രജാഗരം എന്ന സമിതിയിൽ അദ്ദേഹം സജീവമായിരുന്നു. ശൈവ പ്രകാശ സഭ തുടങ്ങുന്നതിന് തൈക്കാട് അയ്യാ സ്വാമികളോടൊപ്പം മുന്നിൽ നിന്ന് പ്രവർത്തിച്ചു.
മനോന്മണീയം എന്ന തമിഴ് നാടകം 1942 ൽ മനോന്മണി എന്ന പേരിൽ തമിഴിൽ ചലച്ചിത്രം ആക്കപ്പെട്ടു.
ടി.ആർ.സുന്ദരമായിരുന്നു സംവിധായകൻ.തമിഴിലെ ആദ്യകാല താരസുന്ദരി ടി.ആർ.രാജകുമാരിയും പി.യു.ചിദംബരവുമായിരുന്നു നായികാ-നായകന്മാർ.മനോന്മണീയം നാടകത്തിലെ അവതരണ ഗാനമാണ് തമിഴ് തായ് വാഴ്ത്ത്.
മുൻ ധനകാര്യ മന്ത്രിയും,എം പി യും ആയിരുന്ന പി.എസ്.നടരാജ പിള്ളയാണ് സുന്ദരൻ പിള്ളയുടെ ഏക മകൻ.ശിവകാമിയമ്മാളാണ് ഭാര്യ.42 ആം വയസ്സിൽ മനോന്മണീയം സുന്ദരൻ പിള്ള അന്തരിച്ചു.മകൻ പി.എസ്.നടരാജപിള്ളയ്ക്ക് പൈതൃകമായി കിട്ടിയ നൂറേക്കർ ഭൂമിയും അതിലെ ബംഗ്ലാവും സർ സിപി യുടെ വിരോധം സമ്പാദിച്ചതിനാൽ കണ്ടുകെട്ടി. പരമദരിദ്രനായാണ് പി.എസ്.നടരാജ പിള്ള മരണപ്പെട്ടത്.

Back to top button
error: