ട്രെയിലര്‍ തകർത്തു, ഒരു ഹിറ്റ് മണക്കുന്നുണ്ട്: ഓപ്പറേഷൻ ജാവയ്ക്ക് ആശംസകളുമായി വിനീത് ശ്രീനിവാസൻ

മലയാളത്തിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ഗായകനായും അഭിനേതാവായും നിർമ്മാതാവായുമൊക്കെ അദ്ദേഹം മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും അവയൊക്കെ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു. പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനേയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയമാണ് അദ്ദേഹത്തിന്റേതായി പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

സ്വന്തം സിനിമയ്ക്കെന്നപോലെ തന്നെ തന്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സിനിമയ്ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുന്ന താരമാണ് വിനീത് ശ്രീനിവാസൻ. ഒരു ചിത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ നല്ല വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഓപ്പറേഷൻ ജാവയുടെ ട്രെയിലറിനെപ്പറ്റി നടനായ അലക്സാണ്ടർ പ്രശാന്തിനോടാണ് വിനീത് ശ്രീനിവാസൻ തന്റെ അഭിപ്രായം പങ്കുവയ്ക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ നന്നായിട്ടുണ്ടെന്നും ഒരു സൂപ്പര്‍ ഹിറ്റ് ഫീല്‍ ചെയ്യുന്നു എന്നുമാണ് വിനീത് ശ്രീനിവാസൻ അലക്സാണ്ടർ പ്രശാന്തിനോട് വാട്സാപ്പിൽ പറയുന്നത്. വിനീത് ശ്രീനിവാസന്റെ നല്ല മനസ്സിന് പ്രശാന്ത് അലക്സാണ്ടർ നന്ദിയും രേഖപ്പെടുത്തി.

വിനീത് ശ്രീനിവാസനുമായുള്ള വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പ്രശാന്ത് അലക്സാണ്ടര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഓപ്പറേഷൻ ജാവ എന്ന ചിത്രം ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. യൂട്യൂബിൽ ഇതിനോടകം തന്നെ ഒരു മില്യൻ കാഴ്ചക്കാരെ സമ്പാദിക്കാൻ ട്രെയിലറിന് സാധിച്ചു. കേരള പൊലീസിലെ ഒരുപറ്റം ഉദ്യോഗസ്ഥർ ഒരു കേസിനു പിന്നാലെ സഞ്ചരിക്കുന്നതാണ് ഓപ്പറേഷൻ ജാവയുടെ കഥ. ഹാസ്യത്തിനും ഇൻവെസ്റ്റിഗേഷനും പ്രാധാന്യം നൽകുന്ന ചിത്രം ഒരു എന്റര്‍ടൈനര്‍ ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ വിശദീകരണം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version