സോനു സൂദിന്റെ നല്ല മനസ്സിന് ക്ഷേത്രം ഉയരുന്നു

കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് വേണ്ടി ലോണെടുത്ത് സഹായം ചെയ്തിരുന്ന സോനു സൂദ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ആ നല്ലമനസ്സിന് അംഗീകാരമെന്നോണം താരത്തിനായി ഒരു ക്ഷേത്രം ഉയരുകയാണ്.

തെലങ്കാനയിലെ ഡബ്ബ താന ഗ്രാമത്തിലാണ് കോവിഡ് കാലത്ത് സോനു ചെയ്ത പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന് വേണ്ടി ഈ ക്ഷേത്രം പണിയുന്നത്. അതേസമയം, ഇതൊന്നും താന്‍ അര്‍ഹിക്കുന്നില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

സിനിമയില്‍ കട്ട വില്ലനായി തിളങ്ങുന്ന സോനു സുദ് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു പാവം മനുഷ്യന്‍. മറ്റുള്ളവരുടെ സങ്കടങ്ങളില്‍ മനസലിയുന്ന, അവരുടെ വിഷമങ്ങളില്‍ കൂടെ നില്‍ക്കുന്ന വ്യക്തി. അതിനേറ്റവും മികച്ച ഉദാഹരണങ്ങളാണ് കോവിഡ് കാലത്തെ താരത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് കാലത്ത് താരം ജനങ്ങള്‍ക്കായി ചെയ്ത സഹായങ്ങള്‍ വിലമതിക്കാനാവത്തതാണ്. ഇതിനായി അദ്ദേഹം പണം സ്വരൂപിച്ചത് മുംബൈയിലുള്ള തന്റെ എട്ട് കെട്ടിടങ്ങള്‍ പണയം വെച്ചാണ്. ഇതില്‍ നിന്നും ലഭിച്ച തുക കൊണ്ടാണ് അദ്ദേഹം അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കിയത്

ലോക്ഡൗണില്‍ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സഹായിക്കുന്നതിലൂടെയാണ് സോനു സുദ് എന്ന മനുഷ്യന്‍ ജനശ്രദ്ധ നേടിത്തുടങ്ങിയത്. മഹാരാഷ്ട്രയില്‍ കുടുങ്ങിയ 350 ഓളം അന്യസംസ്ഥാന തൊഴിലാളികളെ സ്വന്തം വീടുകളിലെത്തിക്കാന്‍ താരം മുന്‍കൈ എടുത്തു. കര്‍ണാടക, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടേക്കുള്ള തൊഴിലാളികള്‍ക്കായി പത്തോളം ബസൊരുക്കിയാണ് താരം അവരെ വീട്ടിലെത്തിച്ചത്. മഹരാഷ്ട്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് സോനു ഈ പ്രവര്‍ത്തനങ്ങളെല്ലാം നടപ്പാക്കിയത്.

പഞ്ചാബിലേക്ക് 1500 പിപി കിറ്റുകളും താരം നേരത്തെ വിതരണം ചെയ്തിരുന്നു. നിരവധി കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കിയതും, മുംബൈയിലെ താരത്തിന്റെ ഹോട്ടല്‍ ക്വാറന്റൈന്‍ സെന്ററായി വിട്ട് നല്‍കിയതും, മഹാരാഷ്ട്രയിലെ ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിട്ട് നല്‍കിയതും അദ്ദേഹത്തിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രമാണ്. സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് ലഭിക്കുന്ന അപേക്ഷകള്‍ നോക്കി അര്‍ഹരായവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ച് നല്‍കാനും താരം ശ്രദ്ധിക്കാറുണ്ട്. സോനു സുദ്ദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ് ഡി ജി സ്പെഷ്യല്‍ ഹ്യുമനറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ് നല്‍കിയാണ് യുണൈറ്റഡ് നേഷന്‍ അദ്ദേഹത്തെ ആദരിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version