നടി വിജയശാന്തി ബിജെപിയിൽ ചേർന്നു

ഹൈദരാബാദ്: നടിയും മുൻ കോൺഗ്രസ് എംപിയുമായ വിജയശാന്തി ബിജെപിയിൽ ചേർന്നു. ന്യൂഡൽഹിയിൽ വച്ച് നടന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി അംഗത്വം സ്വീകരിച്ചത്. ഇന്നലെ ആഭ്യന്തരമന്ത്രി അമിത്ഷായുമായും ബിജെപി പ്രസിഡന്റ് ജെപി നദ്ദയുമായും വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് വിജയശാന്തി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചത്. 2014ലാണ് വിജയശാന്തി കോൺഗ്രസിൽ ചേരുന്നത്. ഹൈദരാബാദിലെ ബിജെപിയുടെ ഉജ്വല വിജയത്തിന് പിന്നാലെയാണ് വിജയശാന്തിയുടെ ബിജെപി പ്രവേശം. തെലങ്കാനയിൽ കഴിഞ്ഞ കുറച്ചുകാലമായി കോൺഗ്രസ് പാർട്ടി ദുർബലപ്പെട്ടതോടെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും വിജയശാന്തി വിട്ടു നിൽക്കുകയായിരുന്നു. തുടർന്നാണ് രാജിയും ബിജെപിയിലേക്കുള്ള കടന്നുവരവും.

ഈ വർഷം കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേരുന്ന രണ്ടാമത്തെ നടിയാണ് വിജയശാന്തി. ഒക്ടോബറിൽ നടി ഖുശ്ബു സുന്ദർ കോൺഗ്രസിൽ നിന്നും രാജി വച്ച് ബിജെപിയിൽ ചേർന്നിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version