CrimeNEWS

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ സ്‌കൂട്ടര്‍ തടഞ്ഞ് കഴുത്തറുത്ത് കൊന്നു

അമരാവതി: ആന്ധ്രപ്രദേശിലെ കാക്കിനാഡയില്‍ പട്ടാപ്പകല്‍ യുവതിയെ മുന്‍ കാമുകന്‍ കഴുത്തറുത്ത് കൊന്നു. രാമചന്ദ്രപുരം ഗംഗാവരം സ്വദേശി ദേവിക(22)യെയാണ് നടുറോഡിലിട്ട് ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ ബിക്കാവോലു സ്വദേശി ഗബ്ബാല വെങ്കിട്ട സൂര്യനാരായണ(25)യെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നു പോലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് സ്‌കൂട്ടറില്‍ വരികയായിരുന്ന യുവതിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തിയ ശേഷം യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സഹോദരിക്ക് മരുന്ന് വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്ന ദേവികയെ ബൈക്കിലെത്തിയാണ് പ്രതി തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാളുടെ കൈവശം ആസിഡ് നിറച്ച കുപ്പിയുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടന്‍തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ടു. പ്രതിയെ കൈകാര്യം ചെയ്ത ശേഷമാണ് നാട്ടുകാര്‍ പോലീസിന് കൈമാറിയത്.

ബിരുദപഠനത്തിന് ശേഷം പോലീസ് കോണ്‍സ്റ്റബിള്‍ ജോലിക്ക് ശ്രമിക്കുകയായിരുന്നു കൊല്ലപ്പെട്ട ദേവിക. ഏതാനുംവര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ മരിച്ചതോടെ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ദേവികയുടെ അമ്മ വിദേശത്താണ് ജോലിചെയ്യുന്നത്.

കൊല്ലപ്പെട്ട ദേവികയും സൂര്യനാരായണയും ഏറെക്കാലം പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവീട്ടുകാരും ഇവരുടെ വിവാഹം നടത്താനും തീരുമാനിച്ചു. എന്നാല്‍ രണ്ടുതവണ വിവാഹം നടത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചെങ്കിലും മുടങ്ങിപ്പോയി. ഇതിനുപിന്നാലെ ദേവിക കാമുകനില്‍നിന്ന് അകലംപാലിക്കുകയും കോണ്‍സ്റ്റബിള്‍ ജോലിക്കായുള്ള ശ്രമങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയുമായിരുന്നു. ഇതിനിടെ ദേവിക മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് പ്രതി സംശയിച്ചു. തുടര്‍ന്ന് ദേവികയെ ദിവസങ്ങളോളം ഇയാള്‍ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും ഇതിനുപിന്നാലെയാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ദേവികയുടെ കുടുംബത്തിന് ആന്ധ്ര സര്‍ക്കാര്‍ പത്തുലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.

 

Back to top button
error: