KeralaNEWS

കമ്മ്യൂണിസ്റ്റ് അല്ലെന്ന് എഴുതിക്കൊടുത്താണോ മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോവുന്നത്? 

കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചോദ്യമാണ് ഇത്.വിവരക്കേട് ആഘോഷിക്കുന്നവർ.. അല്ലാതെന്തു പറയാൻ !
 ണ്ടാഴ്ചത്തെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിസ ആപ്ലിക്കേഷനിൽ താൻ കമ്മ്യൂണിസ്റ് അല്ല എന്നെഴുതിക്കൊടുത്തിട്ടാണ് പോകുന്നതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. 2022 ജനുവരി 11-ന് ഇന്ദിര ഗാന്ധി സെന്ററിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും പിന്നീട് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. അമേരിക്കയിലേക്ക് പോകുന്നവർ നിർബന്ധമായും പൂരിപ്പിച്ചു നൽകേണ്ട ഒരു ഫോം ആണ് DS160 അല്ലെങ്കിൽ DS260. അതിൽ പൂരിപ്പിക്കേണ്ട ഒരു ചോദ്യമാണ് അപേക്ഷക്കുന്ന വ്യക്തി ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ടോട്ടാലിറ്റേറിയൻ പാർട്ടിയുടേയോ അംഗം അഥവാ ബന്ധം ഉള്ള ആളാണോ എന്നത്. ഈ ചോദ്യത്തിന് പിണറായി വിജയൻ കമ്മ്യൂണിസ്റ്റുകാരൻ അല്ല എന്നാണ് പൂരിപ്പിച്ചതെന്നാണ് പോസ്റ്ററിൽ പരാമർശിക്കുന്നത്.
ഇന്ദിര ഗാന്ധി സെന്ററിന്റെ പോസ്റ്റിൽ പറയുന്നതുപോലെ, അമേരിക്കയിലേക്ക് പോകുന്നവർ നിർബന്ധമായും പൂരിപ്പിച്ചു നൽകേണ്ട ഒരു ഫോം ആണ് DS160 അല്ലെങ്കിൽ DS-260.പക്ഷെ സ്ഥിരമായി നിൽക്കുന്നതിനുള്ള ഇമിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർ പൂരിപ്പിക്കേണ്ട ഫോം ആണ് DS-260 എന്നുമാത്രം. ചുരുങ്ങിയ കാലത്തേക്ക് യാത്ര ചെയ്യുന്നവർക്ക് വേണ്ട നോൺ ഇമിഗ്രന്റ് വിസയ്ക്ക് പൂരിപ്പിക്കേണ്ട ഫോം ആണ് DS160. ഈ ഫോമുകളിൽ സെക്യൂരിറ്റി ആൻഡ് ബാക്ക്ഗ്രൗണ്ട് എന്നൊരു ഭാഗമുണ്ട്. അതിൽ അപേക്ഷിക്കുന്ന വ്യക്തി ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ടോട്ടാലിറ്റേറിയൻ പാർട്ടിയുടേയോ അംഗം അഥവാ ബന്ധം ഉള്ള ആളാണോ എന്ന ചോദ്യവുമുണ്ട് പൂരിപ്പിക്കാൻ.
മുഖ്യമന്ത്രി, കാബിനറ്റ് മന്ത്രിമാർ, എം.പിമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവർക്ക് ഡിപ്ലോമാറ്റിക് പാസ്പോർട്ട് ആയിരിക്കും ഉള്ളത്.അതിനാൽത്തന്നെ ഡിപ്ലോമാറ്റിക് പാസ്പോർട്ടുള്ള മുഖ്യമന്ത്രിക്ക് ഇത് ബാധകമല്ല.
യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടോ? ഇതു സംബന്ധിച്ച വിവരങ്ങൾ അമേരിക്കയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ് ആൻഡ് അമെൻഡ്മെന്റ് സർവിസസിൽ ലഭിക്കും. ഒന്നാം ലോക മഹായുദ്ധക്കാലത്തും അതിനു ശേഷവും അരാജകത്വവും (അനാർക്കിസം) കമ്മ്യൂണിസവും ഉണ്ടാക്കിയേക്കാവുന്ന ഭീഷണികളെ കുറിച്ച് യു.എസ്. സർക്കാർ ആശങ്കാകുലരായി. അതേത്തുടർന്ന് രാജ്യ സുരക്ഷയ്ക്കായി 1918-ലെ ഇമിഗ്രേഷൻ ആക്റ്റ് പാസ്സാക്കുകയും ചെയ്തു. പിന്നീട് പുതിയ നിയമങ്ങളും ഭേദഗതികളും ഇതിനെ സംബന്ധിച്ച് വന്നിട്ടുണ്ട്. പിന്നീട് വന്ന ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ട് (1952) മുതലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെ ഒഴിവാക്കുന്നത് യു.എസ്. നിയമത്തിന്റെ ഭാഗമായത്.
എന്നാൽ, ഈ നിയമം ബാധകമാവുന്നത് യു.എസിൽ സ്ഥിരതാമസം അഥവാ പി.ആർ. എടുക്കുന്നതിനാണ്. അതായത് ഇമിഗ്രന്റ് വിസയുടെ കാര്യത്തിലാണ് ഈ കാര്യങ്ങൾ ബാധകമാവുന്നത്. ഇതിലും പല ഇളവുകളുണ്ട്. ഉദാഹരണത്തിന്, 16 വയസ്സിനു മുമ്പേയാണ് പാർട്ടി അംഗമായിരുന്നതെങ്കിലോ വിസയ്ക്ക് അപേക്ഷിക്കുന്നതിനു രണ്ടോ/അഞ്ചോ വർഷം മുന്നേ പാർട്ടി അംഗത്വം പുതുക്കിയിട്ടില്ലെങ്കിലോ (നിലവിൽ പാർട്ടി അംഗമല്ല) ഇളവ് ലഭിക്കുന്നതാണ്. യു.എസിലുള്ളവരുടെ മാതാപിതാക്കളോ ഭാര്യയോ ഭർത്താവോ മകനോ മകളോ ആണെങ്കിൽ പോകുന്നതിനു കമ്മ്യൂണിസ്റ്റുകാർക്ക് വിലക്കില്ല. നോൺ ഇമിഗ്രന്റ് വിസയിൽ രാജ്യം സന്ദർശിക്കുന്നതിനും ഈ വ്യവസ്ഥ ബാധകമല്ല. ഏതു ഇളവിനും രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയല്ല എന്ന് ബോധ്യമായാലേ അനുമതി ലഭിക്കൂ.
വിസ ആപ്ലിക്കേഷനിൽ താൻ കമ്മ്യൂണിസ്റ്റ് അല്ല എന്നെഴുതിക്കൊടുത്തിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്കുള്ള വിസയ്ക്ക് അപേക്ഷിച്ചിരിക്കുന്നത് എന്നത് വസ്തുതാപരമായി തെറ്റാണ്. പോസ്റ്റിൽ പറയുന്നതു പോലെയുള്ള കാര്യങ്ങൾ ഡിപ്ലോമാറ്റിക് പാസ്പോർട്ടുള്ള മുഖ്യമന്ത്രിക്ക് ബാധകമല്ല.

Back to top button
error: