നീളം 6,400 കിലോമീറ്റർ, വീതി 50 km; കടന്നുപോകുന്നത് ഒമ്പത് രാജ്യങ്ങളിലൂടെ; ലോകത്തിലെ പാലങ്ങളില്ലാത്ത ഒരേ ഒരു നദി ഇതാണ്; അതിന് പിന്നിലുള്ളത് രണ്ട് കാരണങ്ങളും
നമ്മുടെ ഈ കൊച്ചുകേരളത്തിൽ മാത്രം 44 നദികളുണ്ട്. ഇവയ്ക്ക് കുറുകേ നിരവധി പാലങ്ങളും സംസ്ഥാനമൊട്ടാകെയുണ്ട്. പാലങ്ങളില്ലാത്ത ഒരു നദിയെ നമുക്ക് സങ്കൽപ്പിക്കാനാവില്ല. ചില സ്ഥലങ്ങളിൽ ഒരു കരയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് തന്നെ പാലങ്ങളാകാം. എന്നാൽ കുറുകെ പാലങ്ങളൊന്നും ഇല്ലാത്ത ഒരു വലിയ നദിയെ പറ്റി ഒന്ന് സങ്കൽപ്പിച്ചു നോക്കു.
വലിയ നദി എന്ന് പറയുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ നദിയുടെ കാര്യമാണ് ഈ പറയുന്നത്. 6,400 കിലോമീറ്റർ നീളത്തിലും അഞ്ച് മുതൽ 50 കിലോമീറ്റർ വീതിയിലുമായി ഒമ്പത് രാജ്യങ്ങളിലൂടെ കടന്നു പോകുന്ന ഈ നദിയ്ക്ക് കുറുകെ ഒരു പാലം പോലും ഇല്ല. അതിശയക്കേണ്ട സത്യമാണ്. തെക്കേ അമേരിക്കയിലെ ആമസോൺ നദിയ്ക്കാണ് ഈ പ്രത്യേകതയുള്ളത്. ലോകത്തിലെ തന്നെ പാലങ്ങളില്ലാത്ത ഒരേ ഒരു നദിയും ഇത് തന്നെയാണ്.
ഒഴുക്കിന്റെ തോതിലായാലും, ഉൾക്കൊള്ളുന്ന ജലത്തിലായാലും ലോകത്തിലെ ഏറ്റവും വലിയ നദി ആമസോൺ തന്നെയാണ്. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ 40 ശതമാനത്തോളം ഈ നദി തന്നെയാണ്. ഇത്രയും വലിപ്പമുണ്ടായിട്ട് പോലും, ഇതിന് കുറുകേ ഒരു പാലം പോലും ഇല്ല എന്നത് പലരിലും അമ്പരപ്പുളവാക്കുന്നു. ഇതിന് പിന്നിലെ കാരണം എന്താണെന്നറിയുമോ?
amazon-river
സൂറിച്ചിലെ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ (ഇ ടി എച്ച്) സ്ട്രക്ചറൽ എഞ്ചിനീയറിംഗ് ചെയർമാൻ വാൾട്ടർ കോഫ്‌മാൻ ഇതിന്റെ കാരണങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ആവശ്യമില്ലായ്മ തന്നെയാണ് പാലങ്ങളുണ്ടാവാതിരിക്കാനുള്ള പ്രധാന കാരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
നദി കടന്നുപോകുന്ന ഭൂരിഭാഗം പ്രദേശവും കാടാണ്. ബാക്കി പ്രദേശങ്ങളിലാണെങ്കിൽ ജനവാസം തീരെ കുറവും. അതിനാൽ തന്നെ നദിക്കിരുവശവുമുള്ള കരകളെ ബന്ധിപ്പിക്കേണ്ട ആവശ്യകത വരുന്നില്ല. മാത്രമല്ല നദിയുടെ ഇരുവശത്തുമുള്ള പട്ടണങ്ങളിൽ മികച്ച ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ അവർക്ക് നദി മുറിച്ചു കടക്കേണ്ട അവസരമുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ നദീതീരത്ത് പാലങ്ങളുടെ ബന്ധപ്പെട്ട ഭാഗങ്ങൾ നിർമിക്കാൻ സാങ്കേതികപരമായും സാമ്പത്തികപരമായും ബുദ്ധിമുട്ടുകളുണ്ട്. നദീതീരം മുഴുവൻ ചതുപ്പാണ്. ഇതിനാലാണ് നിർമാണം സാമ്പത്തികപരമായി വലിയ ചെലവുള്ളതാകുന്നത്. ആമസോണിലെ ആവാസവ്യവസ്ഥ ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാണെന്നും കോഫ്‌മാൻ കൂട്ടിച്ചേർത്തു.