റിയാദ്: കൈക്കൂലി, സ്വാധീന ശേഷിയുടെ ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളിൽ ഉൾപ്പെട്ട സ്വദേശികളും വിദേശികളുമായ 170 പേരെ കസ്റ്റഡിയിലെടുത്തതായി അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി. ഒരു മാസത്തിനിടെയാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്.
2,426 പരിശോധനാ സന്ദർശനങ്ങളാണ് ഒരു മാസത്തിനിടെ നടത്തിയത്. 437 പേരെ ചോദ്യം ചെയ്തു. ആഭ്യന്തര, നീതിന്യായ, മുനിസിപ്പൽ ഗ്രാമകാര്യ ഭവനം, ആരോഗ്യം, മാനവ വിഭവശേഷി സാമൂഹിക വികസനം, വാണിജ്യം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ള ജീവനക്കാർ ഇതിലുൾപ്പെടും. ക്രിമിനൽ നടപടി നിയമം അനുസരിച്ച് പിടിയിലായ ചിലരെ ജാമ്യത്തിൽ വിട്ടു. ഇവരെ കോടതിയിലേക്ക് റഫർ ചെയ്യുന്നതിനുള്ള നപടികൾ പൂർത്തിയാക്കിവരികയാണെന്നും അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി.