NEWSWorld

പ്രതീക്ഷകളുടെ പുതുവർഷത്തെ വരവേറ്റ് ലോകം, ആഘോഷങ്ങളും ആർപ്പുവിളികളുമായി ജനങ്ങൾ ആഹ്ലാദ തിമിർപ്പിൽ

     പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ സ്വീകരിച്ച് ലോകം. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തി 2024നെ ആദ്യം വരവേറ്റു. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും പുതുവർഷം പിറന്നു.  ഓസ്ട്രേലിയയിലാണു തുടർന്ന് പുതുവര്‍ഷമെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ ഓക്‌ലൻഡ് ടവറിൽ വൻ ആഘോഷങ്ങളോടെയാണ് ന്യൂസീലൻഡ് പുതുവർഷത്തെ വരവേറ്റത്. സിഡ്‌നിയിലും കണ്ണഞ്ചിപ്പിക്കുന്ന വർണക്കാഴ്‌ചകളായിരുന്നു. പലയിടങ്ങളിലും വലിയ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. ന്യൂസീലൻഡിലെ ഓക്‌ലൻഡിലെയും വെല്ലിങ്ടനിലെയും പുതുവർഷ ആഘോഷം ലോക പ്രശസ്തമാണ്.

പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളിൽ പുതുവര്‍ഷം പിറവിയെടുക്കുക ഇന്ത്യയില്‍ ജനുവരി 1 പകല്‍ 4.30 ആകുമ്പോഴാണ്.

പശ്ചിമേഷ്യയിലും യുക്രെയ്നിലും സംഘർഷം രൂക്ഷമായി തുടരുന്ന ഘട്ടത്തിലാണ് ഇത്തവണ ലോകം പുതുവർഷത്തെ വരവേൽക്കുന്നത്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലും ഷാർജയിലും പുതുവത്സര ആഘോഷങ്ങളില്ല. ഇസ്രയേലിൽ ജൂത കലണ്ടർ ആരംഭിക്കുന്ന റോഷ് ഹഷാനയിലാണ് പുതുവർഷം ആഘോഷിക്കുന്നത്. യുദ്ധത്തിലൂടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് റഷ്യയിലും ഇത്തവണ ആഘോഷങ്ങളില്ല.

Back to top button
error: