KeralaNEWS

300 വേണ്ട, 250 തന്നാല്‍ മതി! റബ്ബര്‍ വില ഉയര്‍ത്തിയാല്‍ എല്‍ഡിഎഫിനൊപ്പമെന്ന് മാര്‍ പാംപ്ലാനി

കണ്ണൂര്‍: റബ്ബറിന് 250 രൂപയാക്കിയാല്‍ എല്‍ഡിഎഫിന് വോട്ട് നല്‍കുമെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നവകേരള സദസ്സില്‍ വില ഉയര്‍ത്തല്‍ പ്രഖ്യാപിക്കണം. കര്‍ഷകന് നല്‍കിയ വാഗ്ദാനം പാലിച്ചാല്‍ യാത്ര ഐതിഹാസികമെന്ന് പറയാം. ഇല്ലെങ്കില്‍ നവകേരള സദസ്സ് കൊണ്ട് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. ഒരു ചങ്കോ രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, വാഗ്ദാനം പാലിക്കണമെന്നും മാര്‍ ജോസഫ് പാപ്ലാംനി പറഞ്ഞു. കണ്ണൂര്‍ ഇരട്ടിയില്‍ നടന്ന കര്‍ഷക അതിജീവനയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

”റബ്ബറിന് 300 രൂപ വേണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വലിയ വിഷമമായി പോയല്ലോ. വേണ്ട, 50 കുറയ്ക്കാം. നിങ്ങള് പറഞ്ഞ 250 തന്നാല്‍ മതി. തരുമെങ്കില്‍ നിങ്ങളുടെ ഈ യാത്ര ഐതിഹാസിക യാത്രയാണ്. അല്ലെങ്കില്‍ ഈ യാത്രകൊണ്ട് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത്, തിരുവനന്തപുരത്ത് അങ്ങയുടെ യാത്ര എത്തുന്നതിനു മുന്‍പ് അങ്ങ് എവിടെവെച്ചു പ്രഖ്യാപിച്ചാലും കുഴപ്പമില്ല. ഒരു പ്രഖ്യാപനം ഞങ്ങള്‍ കാതോര്‍ത്തിരിക്കുകയാണ്. ഒരു ചങ്കോ രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, മുഖ്യമന്ത്രി നെഞ്ചില്‍ കൈവെച്ച് പറയണം, അല്ലയോ കര്‍ഷകരെ നിങ്ങള്‍ക്ക് ഞാനാണ് വാഗ്ദാനം ചെയ്തത്, റബ്ബറിന് 250 രൂപ വിലതരുമെന്ന്, നിങ്ങള്‍ക്കും ഞങ്ങള്‍ വോട്ടുതരാന്‍ തയ്യാറാണ്”- മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

അതേസമയം, വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡിഎഫ്‌ഐക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. ലോറിയിടിച്ചാല്‍ ലോറി ഡ്രൈവറെ ഉത്തരവാദിയാക്കി കേസെടുക്കും. കടുവ തിന്നാല്‍ ആരാണ് ഉത്തരവാദി?. വയനാട് ഡിഎഫ്ഒക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അദ്ദേഹത്തെ നിയമത്തിന്റെ വഴികളിലൂടെ തുറുങ്കിലടക്കണം. എങ്കില്‍ മാത്രമേ കര്‍ഷകന് ഇവിടെ സുരക്ഷ ഉണ്ടാകുകയുള്ളൂ. കര്‍ഷകന്‍ കടന്നുപോകുന്നത് സമാനതകളില്ലാത്ത സങ്കടക്കടലിലൂടെയാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. നേരത്തെ റബ്ബറിന് 300 രൂപയാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് വ്യാപക വിമര്‍ശത്തിന് ഇടയാക്കിയിരുന്നു.

 

Back to top button
error: