IndiaNEWS

ദീപങ്ങളുടെ ഉത്സവം: ദീപാവലിയുടെ ഐതിഹ്യവും സന്ദേശവും പ്രധാന്യവും അറിയുക

      ഇരുട്ടിനു മേല്‍ വെളിച്ചവും തിന്മയ്ക്കെതിരെ നന്മയും അജ്ഞതയ്ക്കെതിരെ അറിവും നേടിയ വിജയമാണ് ദീപാവലി.  ഏറ്റവും വ്യാപകമായി ആഘോഷിക്കപ്പെടുന്ന ഹൈന്ദവ ഉത്സവങ്ങളിലൊന്നാണ് ഇത്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒത്തുചേരാനും പരസ്പരം സന്തോഷിക്കാനുമുള്ള മനോഹരമായ അവസരമാണിത്. ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയിലെ സാംസ്‌കാരികമായി വൈവിധ്യമാര്‍ന്ന പ്രദേശങ്ങളില്‍ വിവിധ രീതികളില്‍ ദീപാവലി ആഘോഷിക്കുന്നു. ഹിന്ദുമത വിശ്വാസികളെ കൂടാതെ ബുദ്ധ, ജൈന, സിഖ് വിശ്വാസികളും ഈ ഉത്സവം കൊണ്ടാടുന്നു.

ഹിന്ദു ചാന്ദ്ര കലണ്ടര്‍ അനുസരിച്ച് കാര്‍ത്തിക മാസത്തിലെ 15-ാം ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ വര്‍ഷം, ദീപങ്ങളുടെ ഉത്സവമായ ദീപാവലി നവംബര്‍ 12ന് ആഘോഷിക്കും.

ചരിത്രം

ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച്, ദീപാവലി പരമ്പരാഗതമായി രാമന്റെയും ഭാര്യ സീതയുടെയും സഹോദരന്‍ ലക്ഷ്മണന്റെയും 14 വര്‍ഷത്തെ വനവാസത്തിന് ശേഷം തിരിച്ചെത്തിയതിന്റെ സ്മരണയാണ്. ലങ്കാ രാജാവായ രാവണനെ പരാജയപ്പെടുത്തി ശ്രീരാമന്‍ മടങ്ങിയെത്തിയപ്പോള്‍ അയോധ്യയിലെ ജനങ്ങള്‍ വളരെ ആവേശത്തോടെ വിളക്കുകളും ദീപങ്ങളും കത്തിച്ച് ആഘോഷിച്ചു എന്നാണ് ഐതിഹ്യം. ഈ ആചാരം തുടരുകയും ദീപാവലി ഉത്സവമായി ആഘോഷിക്കുകയും ചെയ്തു എന്നാണ് പറയുന്നത്.

ഹിന്ദു വിശ്വാസ പ്രകാരം, രാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണ്. ധര്‍മത്തിന്റെയും നീതിയുടെയും അവതാരം. സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മിയുടെ അവതാരമാണ് സീത. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷം എന്ന നിലയിലാണ് ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്. ജൈനമതവിശ്വാസപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതാണ് ദീപാവലി. കൂടാതെ ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഇത് ഹിന്ദു പുതുവര്‍ഷവുമായി ഒത്തുപോകുന്നു.

പ്രാധാന്യം

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെയാണ് ദീപാവലി സൂചിപ്പിക്കുന്നത്. കൂട്ടായ്മ, പ്രതീക്ഷ, വിജയം, അറിവ്, ഭാഗ്യം എന്നിവയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയും ജീവിതത്തില്‍ നിന്ന് ഇരുണ്ട നിഴലുകള്‍, നിഷേധാത്മകത, സംശയങ്ങള്‍ എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു. വ്യക്തതയും ശുഭാപ്തിവിശ്വാസവും  മനസുകളിൽ പ്രകാശിപ്പിക്കുക എന്ന സന്ദേശം കൂടിയാണ് ഈ ഉത്സവം നല്‍കുന്നത്.

പൂജ

പ്രധാനമായും രാജ്യത്തിന്റെ വടക്കന്‍ ഭാഗത്താണ് ദീപാവലി ഏറെ ഉത്സാഹപൂർവ്വം ആഘോഷിക്കുന്നത്. ദീപാവലി ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ലക്ഷ്മി പൂജ. അനുഗ്രഹങ്ങള്‍ തേടാനും ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയ്ക്കുമായി ആളുകള്‍ ഈ ദിവസം സമ്പത്തിന്റെ ദേവതയോട് പ്രാര്‍ത്ഥിക്കുന്നു.

Back to top button
error: