CrimeNEWS

ഭർത്താവിന്‍റെ വീട്ടിൽ താമസിക്കാൻ പേടിയാണ്, എങ്ങനെയും കുട്ടിയെ വളർത്തണം, എന്തെങ്കിലും ജോലി കണ്ടെത്തി ജീവിതം മുന്നോട്ട് കെണ്ടുപോകണം; ഭർതൃവീട്ടിലേക്ക് പോകും മുൻപ് ഷൈമോൾ അമ്മയോടും ബന്ധുക്കളോടും പറഞ്ഞത്…

കോട്ടയം: അതിരമ്പുഴയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റെ നിരന്തര പീഡനത്തെ തുടർന്നാണ് ഇരുപത്തി നാലു വയസു മാത്രം പ്രായമുള്ള ഷൈമോൾ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവായ അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തിക്കവല സ്വദേശി അനിൽ വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർതൃവീട്ടിൽ ഷൈമോൾക്ക് ശാരീരിക മാനസിക പീഡനങ്ങളേറ്റിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവിന്‍റെ വീട്ടിൽ താമസിക്കാൻ പേടിയാണെന്ന് ഷൈമോൾ അവസാനമായി തന്‍റെ വീട്ടിലെത്തിയപ്പോള്‍ അമ്മയോട് പറഞ്ഞിരുന്നു. അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഡ്രൈവറായ അനിൽ വർക്കിക്ക് 26 വയസാണ് പ്രായം. നാലു വർഷം മുമ്പാണ് അനിൽ അതിരമ്പുഴ സ്വദേശിനി ഷൈമോളെ പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാൽ കഴിഞ്ഞ ഏറെ നാളായി അനിൽ നിരന്തരം ഷൈമോളെ ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു ഷൈമോളുടെ കുടുംബത്തിന്റെ ആരോപണം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഷൈമോൾ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചത് പീഡനം സഹിക്കാതെയാണെന്നും പരാതി ഉയർന്നിരുന്നു. ഷൈമോളുടെ കുടുംബത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അനിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. അനിലുമായി നിലനിൽക്കുന്ന പ്രശ്നങ്ങളെപ്പറ്റി ഷൈമോളുടെ ആത്മഹത്യക്കുറിപ്പിലും സൂചനകൾ ഉണ്ടായിരുന്നു.

Signature-ad

മകളെ നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിലാക്കിയിട്ടുണ്ടെന്നായിരുന്നു അനിലിന്‍റെ വീട്ടിൽ നിന്നും ഷൈമോളുടെ വീട്ടിലേക്ക് ഫോണിൽ വിളിച്ചറിയിച്ചത്. ഷൈമോളുടെ കുടുംബം ആശുപത്രിയിലെത്തുമ്പോഴേക്കും മകൾ മരിച്ചിരുന്നു. ഭർത്താവ് മകളെ അപായപ്പെടുത്തിയതാകാമെന്ന സംശയത്തിലാണ് ഷൈമോളുടെ അമ്മ ഷീല പൊലീസിൽ പരാതി നൽകിയത്. മകളുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും ഭർത്യവീട്ടിൽ വലിയ മാനസിക ശാരീരിക പീഡനം നേരിടുന്നതായി മകൾ പറഞ്ഞതായും അമ്മയുടെ പരാതിയിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി പൊലീസ് അനിൽ വർക്കിയെ അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ ഞായാറാഴ്ച ഷൈമോൾ തന്റെ വീട്ടിലെത്തിയപ്പോള്‍ ഭർതൃ വീട്ടിലെ പീഡനത്തെക്കുറിച്ച് അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. എങ്ങനെയും കുട്ടിയെ വളർത്തണം എന്തെങ്കിലും ജോലി കണ്ടെത്തി ജീവിതം മുന്നോട്ട് കെണ്ടുപോകണമെന്ന തീരുമാനത്തിലായിരുന്നു ഷൈമോളെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ തിരികെ ഭർതൃവീട്ടിലേക്ക് പോയ മകളുടെ ചേതനയറ്റ ശരീരമാണ് വീട്ടുകാർ പിന്നെ കാണുന്നത്. സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.കോടതിയിൽ ഹാജരാക്കിയ അനിൽ വർക്കിയെ റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് എബ്രഹാം വർഗീസും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: