
കൊച്ചി: സംസ്ഥാനത്തെ കര്‍ഷകരോട് ക്രൂരമായ അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ്. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ സമീപനം ഇതാണെങ്കില്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായേക്കുമെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
”നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചതിന്റെ പണം ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പാഡീ റെസീപ്റ്റ് ഷീറ്റാണ് ബാങ്കില്‍നിന്ന് കൊടുക്കുന്നത്. പക്ഷേ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പണം കൊടുക്കാത്തതുകൊണ്ട് ബാങ്കുകള്‍ മുന്‍കൂട്ടി കര്‍ഷകര്‍ക്കു കൊടുക്കുന്ന പണം വായ്പയായാണ് കാണിക്കുന്നത്. അതെല്ലാം സിബില്‍ റേറ്റിങ്ങില്‍ വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം കൊടുക്കാത്തത് കര്‍ഷകന്റെ ലോണ്‍ അക്കൗണ്ടില്‍ സിബില്‍ റേറ്റിങ് ബാധകമാക്കി അയാള്‍ക്ക് മറ്റൊരു വായ്പയും കിട്ടാത്ത ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.
കര്‍ഷകരോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ആളാണ് പ്രസാദ്. അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്. ഇനിയും കേരളത്തില്‍ സര്‍ക്കാരിന്റെ സമീപനം ഇതാണെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന ഗുരുതരമായ സ്ഥിതിലേക്ക് പോകും.
സംസ്ഥാനത്ത് ധനപ്രതിസന്ധിയുണ്ടെന്ന് ഹൈക്കോടതിയില്‍ സമ്മതിച്ചെങ്കിലും മുഖ്യമന്ത്രിക്ക് സമ്മതിക്കാന്‍ മടിയാണ്. കേരളം ഇതുവരെ കാണാത്ത ഭയാനകമായ ധനപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലക്ഷക്കണക്കിന് കോടി രൂപയുടെ കടത്തിലേക്ക് കേരളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. ഒരു പണവും കൊടുക്കാന്‍ സര്‍ക്കാരിനെ കൊണ്ട് കഴിയുന്നില്ല.സാമൂഹിക സുരക്ഷാ പെന്‍ഷന്‍ രണ്ടുമാസമായി കൊടുക്കാത്തതു കൊണ്ടാണ് 80 വയസ്സു കഴിഞ്ഞ രണ്ടു സ്ത്രീകള്‍ക്ക് അടിമാലിയില്‍ റോഡിലിറങ്ങി പിച്ചതെണ്ടേണ്ടി വന്നത്. ഇപ്പോള്‍ സിപിഎം സൈബര്‍ സെല്ലുകള്‍ ആക്രമിക്കുന്നത് 80 വയസ്സു കഴിഞ്ഞ ഈ പാവപ്പെട്ട സ്ത്രീകളെയാണ്. അതുപോലെ ഒരുലക്ഷം പേര്‍ പെന്‍ഷന്റെ പരിഷ്‌കരണത്തുക കിട്ടാതെ മരിച്ചുപോയിട്ടുണ്ട് കേരളത്തില്‍’‘ -സതീശന്‍ പറഞ്ഞു.