
രേഖകളില്ലാത്ത 969.90 ഗ്രാം സ്വർണക്കട്ടിയും 14,12,800 രൂപയുമായി കാസർകോട് നഗരത്തിൽ യുവാവ് പൊലീസ് പിടിയിലായി. കാസർകോട് സ്റ്റേഷൻ പരിധിയിലെ അഹ്‌മദ് ഇർഫാൻ (30) ആണ് പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സി.ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം പള്ളം ട്രാഫിക് ജംഗ്ക്ഷന് സമീപത്ത് നിന്നാണ് സ്വർണവും പണവുമായി യുവാവിനെ പിടികൂടിയത്. പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്.

സ്വർണത്തിന്റെയും പണത്തിന്റെയും മുഴുവൻ രേഖയും ഹാജരാക്കാൻ യുവാവിന് സമയം നൽകിയെങ്കിലും അതിന് സാധിക്കാത്തതിനാൽ പൊലീസ് തുടർ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. സ്വർണം കസ്റ്റംസിനും പണം എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും കൈമാറാനുള്ള തീരുമാനത്തിലാണ് പൊലീസ്.