KeralaNEWS

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രന് തിരിച്ചടി, കോടതിയില്‍ നേരിട്ട് ഹാജരാകണം

      മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. കെ.സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകണം. വിടുതല്‍ ഹര്‍ജി ഈ മാസം 25ന് പരിഗണിക്കും. അന്ന് സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് പ്രതികളും ഹാജരാകണമെന്നും കാസര്‍കോട് സെഷന്‍സ് കോടതി ഉത്തരവിട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് കേസിൽ ഒന്നാം പ്രതി. കേസിൽ മറ്റ് 5 പ്രതികളുമുണ്ട്. ജാമ്യമില്ലാ വകുപ്പുകളാണ് ആറുപേർക്കെതിരെയും ചുമത്തിയിരിക്കുന്നത്. കേസിൽ കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് നേരത്തേ ചോദ്യം ചെയ്തിരുന്നു.

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തി എന്നുമുള്ള പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. ഇക്കാര്യങ്ങൾ മാധ്യമങ്ങളിലൂടെ കെ.സുന്ദര വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ സ്മാർട്ട്‌ഫോണും ലഭിച്ചെന്നുമായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ.

വിടുതല്‍ ഹര്‍ജി പരിഗണിക്കുന്ന ഈ മാസം 25ന് കേസിലെ മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. എന്നാല്‍ വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ സാധാരണ നിലയില്‍ പ്രതികള്‍ ഹാജരാകേണ്ടതില്ലെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി തള്ളി

ഇത്രയും കാലം കേസ് പരിഗണിക്കുന്ന വേളയില്‍ ഒരിക്കല്‍ പോലും സുരേന്ദ്രന്‍ ഹാജരായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

Back to top button
error: