NEWSWorld

പുറത്തുവരുന്നത് മഞ്ഞു മലയുടെ അറ്റം മാത്രം, ചൈനയില്‍ കോവിഡ് കുതിക്കുന്നു; പ്രതിദിനം 9000 മരണമെന്നു റിപ്പോര്‍ട്ട്

കാന്‍ബറ: കോവിഡ് വൈറസിന്റെ ബി.എഫ്-7 വകഭേദം ബാധിച്ച് ചൈനയില്‍ മരണമേറുന്നതായി റിപ്പോര്‍ട്ട്. പ്രതിദിനം ഒമ്പതിനായിരത്തോളമാളുകള്‍ കോവിഡ് ബാധിച്ച് ചൈനയില്‍ മരിക്കുന്നതായാണ് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, മരണം സംബന്ധിച്ച വിശദാംശങ്ങളും യഥാര്‍ഥ കണക്കും പുറത്തുവിടാന്‍ ചൈനീസ് അധികൃതര്‍ തയാറായിട്ടില്ല.

ചൈനയില്‍ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 9,000 ആയി വര്‍ധിച്ചതായി കോവിഡ് കണക്കുകള്‍ അവലോകനം ചെയ്യുന്ന ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം ”എയര്‍ഫിനിറ്റി”യെ ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം ചൈനയില്‍ കുതിച്ചുയരുകയാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം നിലവില്‍ പുറത്തുവരുന്ന കണക്കുകളുടെ ഇരട്ടിയാണെന്നും എയര്‍ഫിനിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെയാണ് ചൈനയില്‍ കോവിഡ് ഇത്രവേഗം പടര്‍ന്നുപിടിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ ഒമ്പതോളം പ്രധാന നഗരങ്ങളിലുണ്ടായ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് ചൈനയില്‍ കോവിഡ് നയം മാറ്റിയത്. ഡിസംബറില്‍ ചൈനയിലെ ആകെ കോവിഡ് മരണം ഒരു ലക്ഷമായേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനുവരി പകുതിയോടെ, ഒരു ദിവസം 3.7 ദശലക്ഷം കോവിഡ് കേസുകള്‍ ഉണ്ടാകാം. ജനുവരി അവസാനവാരത്തോടെ ആകെ മരണം 5,84,000 ആയേക്കാമെന്നും എയര്‍ഫിനിറ്റിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കോവിഡ് വ്യാപനം അവഗണിച്ച് പുതുവത്സരാഘോഷത്തിനായി സെന്‍ട്രല്‍ വുഹാനിലുള്‍പ്പെടെ രാജ്യത്തിന്റെ പലയിടത്തും പതിനായിരങ്ങളാണ് ഒത്തുചേര്‍ന്നത്. കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആള്‍ത്തിരക്കിന് കുറവുണ്ടായില്ല. ”പ്രതീക്ഷയുടെ വെളിച്ചം നമ്മുടെ മുന്നിലുണ്ട്” എന്നായിരുന്നു പുതുവര്‍ഷാരംഭത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പ്രതികരണം. ”മഹാമാരിയുടെ പ്രതിരോധവും നിയന്ത്രണവും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാവരും ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുന്നു, പ്രത്യാശയുടെ വെളിച്ചം നമ്മുടെ മുന്നിലുണ്ട്”- ഷി പറഞ്ഞു.

Back to top button
error: