പോപ്പുലർ ഫ്രണ്ട് ഹർത്താൽ: സര്‍വ്വകലാശ പരീക്ഷകളില്‍ മാറ്റം; പി.എസ്.സി. പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയും കേരള സര്‍വകലാശാലയും, കണ്ണൂര്‍ സര്‍വ്വകലാശാലയും ഇന്ന്‌ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള നഴ്സിങ് കൌണ്‍സില്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്കും മാറ്റം.

എന്നാല്‍ ഇന്ന്‌ നടത്താൻ നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു. എൻഐഎ റെയ്‍ഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന്‌ സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുന്നത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ മാത്രം ഒഴിവാക്കും. ഹർത്താലിനോട് അനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വം അറിയിച്ചു.

പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപക നീക്കമാണ് ഇന്ന് എൻഐഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും നടത്തിയത്. പുലർച്ചെ ഒരു മണിക്ക് രഹസ്യ ഓപ്പറേഷൻ എൻ ഐ തുടങ്ങുകയായിരുന്നു. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എൻഐഎ, ഇഡി ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറു കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു. 1500 ലധികം ഉദ്യോഗസ്ഥർ റെയിഡുകളിൽ പങ്കെടുത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഓപ്പറേഷൻ നേരിട്ട് നിരീക്ഷിച്ചു എന്നാണ് സൂചന. ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎ രൂപീകരിച്ച ശേഷമുള്ള ഈ ഏറ്റവും വലിയ ഓപ്പറേഷൻ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version