CrimeNEWS

ചികിത്സ തേടിയെത്തിയ യുവതിയുടെ ഫോട്ടോ എടുത്തു; ആശുപത്രി ജീവനക്കാരനെതിരെ നടപടി

റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്‍ത്രീയുടെ ഫോട്ടോ എടുത്ത ജീവനക്കാരനെതിരെ നടപടി. ഇയാളെ ജോലിയില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്‍തതായി സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. ജീവനക്കാരനെ നേരത്തെ തന്നെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തതായും ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ജീവനക്കാരന്‍ ജോലി ചെയ്തിരുന്ന, രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ആരോഗ്യ സ്ഥാപനത്തില്‍ വെച്ച് ഇയാള്‍ അവിടെ ചികിത്സ തേടിയെത്തിയ വനിതയുടെ ചിത്രം പകര്‍ത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇത്തരം തെറ്റായ പ്രവൃത്തികളെ പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും ഇത് രോഗിയുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടിയാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

രോഗിയുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കാത്ത ജീവിക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയും ഉണ്ടാവില്ല. ഒപ്പം ആരോഗ്യ മന്ത്രാലയത്തിന്റെ നയങ്ങള്‍ക്ക് അനുസൃതമായി ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാത്തവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Back to top button
error: