KeralaNEWS

ചാകര തേടി മത്സ്യത്തൊഴിലാളികൾ ഇന്ന് അർദ്ധ രാത്രി മുതല്‍ ആഴക്കടലിലേക്ക്

തിരുവനന്തപുരം: ട്രോളിങ് നിരോധനത്തിന്റെ ദുരിതകാലം പിന്നിട്ട് സംസ്ഥാനത്തെ മത്സ്യ തൊഴിലാളികള്‍ ചാകര തേടി ഇന്ന് അർദ്ധ രാത്രി മുതല്‍ ആഴക്കടലിലേക്ക്. ബോട്ടുകളുടെ അവസാനഘട്ട അറ്റകുറ്റപ്പണികളും കടലിൽ ദിവസങ്ങളോളം തങ്ങാനുള്ള മറ്റ് സജ്ജീകരങ്ങളും പുരോഗമിക്കുകയാണ്.

52 ദിവസത്തെ ട്രോളിംഗ് നിരോധനം തീരപ്രദേശത്ത് വറുതിയുടെ കാലമായിരുന്നു. 4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാര്‍ബറുകൾ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമായി തുറന്ന് കൊടുത്തിരുന്നു. ഹാര്‍ബറുകളിലും ലാൻഡിംഗ് സെന്‍ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസൽ ബങ്കുകളും അടച്ചിട്ടു.

മീൻ കച്ചവടം മുതൽ ഐസ് പ്ലാന്റുകൾ വരെ അനുബന്ധ തൊഴിൽ മേഖലകളിലും ട്രോളിംഗ് നിരോധനം സാരമായ പ്രതിഫലനമുണ്ടാക്കിയിരുന്നു. മത്സ്യങ്ങളുടെ പ്രജനന കാലവും കടലിലെ മത്സ്യ സമ്പത്തും സംരക്ഷിക്കാൻ കാലങ്ങളായി പരമ്പരാഗത മത്സ്യതൊഴിലാളികൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ ചെവികൊണ്ടില്ലെന്ന് ആക്ഷേപം ബാക്കിയാക്കിയാണ് ഈ വ‍ര്‍ഷത്തെ ട്രോളിങ് കാലവും കടന്നുപോകുന്നത്.

ഇതിനെല്ലാം പുറമെ പലവിധ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൊണ്ട് കഴിഞ്ഞ വര്‍ഷം മാത്രം നഷ്ടപ്പെട്ടത് 72 തൊഴിൽ ദിനങ്ങളാണെന്നും തീരദേശത്തെ പട്ടിണിമാറ്റാൻ അടിയന്തര ഇടപെടൽ വേണമെന്നുമുള്ള സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയൻ ആവശ്യങ്ങളും പ്രഖ്യാപനങ്ങളിൽ മാത്രം തട്ടിനിന്നു. എങ്കിലും ഏറെ പ്രതീക്ഷയോടെയാണ് 52 ദിവസത്തിന് ശേഷം മത്സ്യത്തൊഴിലാളികൾ ചാകര തേടി കടലിലേക്ക് ഇറങ്ങുന്നത്. മഴയും കോളും ചതിച്ചില്ലെങ്കിൽ ഈ വ‍ര്‍ഷമെങ്കിലും ആശ്വാസമാകാൻ കടലിന് സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

Back to top button
error: