LIFEMovie

മലയാളി നടനുമായി വിവാഹം നിശ്ചയിച്ചെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി നിത്യമേനോന്‍

കൊച്ചി: മലയാളത്തിലെ നടനുമായി തന്റെ വിവാഹം നിശ്ചയിച്ചെന്നതരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ പടരുന്ന വാര്‍ത്തയ്ക്കതിരേ നടി നിത്യ മേനോന്‍ രംഗത്ത്. പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് നടി പറഞ്ഞു. ‘എന്നെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല.

സത്യമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങള്‍ ലഭിച്ച വിവരം ശരിയാണോ എന്നു പരിശോധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ച് പോവുകയാണ്’, നടി പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായിട്ട് നിത്യയുടെ വിവാഹം നിശ്ചയിച്ചു എന്നും സിനിമയിലെത്തിയ നാള്‍ മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട് പ്രചരിച്ചത്.
ഒരു തമിഴ് മാധ്യമം ആണ് വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഇത് മറ്റു മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

ആകാശ ഗോപുരം, ഉറുമി, ബാച്ച്‌ലര്‍ പാര്‍ട്ടി, വയലിന്‍, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ജനപ്രീതി നേടിയ താരമാണ് നിത്യ. ഉറുമിയുടെ തെലുങ്ക് പതിപ്പ് വലിയ വിജയമായിരുന്നു. ഇതിന് ശേഷമാണ് നടിയെ തേടി തുടരെ തെലുങ്ക് ചിത്രങ്ങള്‍ എത്തിത്തുടങ്ങിയത്. 2011 ഓടു കൂടി തെലുങ്ക് സിനിമകള്‍ ചെയ്ത് തുടങ്ങിയ നടി വന്‍ പ്രശസ്തി നേടിത്തുടങ്ങി. തെലുങ്കിലെ മിക്ക സൂപ്പര്‍ താരങ്ങളുടെയൊപ്പവും അഭിനയിച്ച നിത്യ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വളരെ സൂക്ഷമത പുലര്‍ത്തിയിരുന്നു.

വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 19(1) (എ) ആണ് നിത്യയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ഇന്ദു വിയാണ്.

തമിഴില്‍ ഓകെ കണ്‍മണി, വിജയ് ചിത്രം മെര്‍സല്‍ എന്നിവയിലെ നിത്യയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. സൂര്യക്കൊപ്പം 24, വിക്രത്തിനൊപ്പം ഇരുമുഖന്‍ എന്നീ ചിത്രങ്ങളിലും നിത്യ അഭിനയിച്ചിട്ടുണ്ട്. ധനുഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന തിരുചിത്രബരം എന്ന സിനിമയിലും നിത്യ അഭിനയിക്കുന്നുണ്ട്. ധനുഷിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് നിത്യ എത്തുന്നത്. ഹിന്ദിയില്‍ മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലും നിത്യ വേഷമിട്ടിട്ടുണ്ട്.

 

 

Back to top button
error: