TechTRENDING

സ്മാര്‍ട്ട്ഫോണ്‍ ക്യാമറകള്‍ കടുത്ത വെല്ലുവിളി; എസ്.എല്‍.ആര്‍. ക്യാമറകള്‍ ഇറക്കുന്നത് അവസാനിപ്പിക്കാന്‍ നിക്കോണ്‍

ടോക്കിയോ: സിംഗിള്‍ ലെന്‍സ് റിഫ്‌ളെക്‌സ് (എസ്.എല്‍.ആര്‍.) ക്യാമറകള്‍ ഇറക്കുന്നത് അവസാനിപ്പിക്കാന്‍ നിക്കോണ്‍. സ്മാര്‍ട്ട്ഫോണ്‍ ക്യാമറകളില്‍ നിന്നുള്ള കടുത്ത മത്സരമാണ് ഇത്തരം ഒരു ചിന്തയിലേക്ക് ജാപ്പനീസ് ക്യാമറ നിര്‍മ്മാതാക്കളെ നയിച്ചത് എന്നാണ് വിവരം.

നിക്കോണ്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്ത് പുതിയ പരീക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. കൂടുതല്‍ നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തില്‍ മുഖ്യധാരാ ഉല്‍പ്പന്നങ്ങളായി മാറിയ മിറര്‍ലെസ് ക്യാമറകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

നിക്കോണിന്റെ എസ്എല്‍ആറുകളും മിറര്‍ലെസ്സ് ക്യാമറകളും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഏകദേശം 60 വര്‍ഷമായി നിക്കോണ്‍ ക്യാമറ രംഗത്തെ പ്രധാന പേരാണ്. സ്മാര്‍ട്ട്ഫോണ്‍ ക്യാമറ സാങ്കേതികവിദ്യയുടെ വളര്‍ച്ച കാരണം, ക്യാമറ കമ്പനികള്‍ വില്‍പ്പനയില്‍ വലിയ ഇടിവാണ് അടുത്തകാലത്ത് ഉണ്ടായിരിക്കുന്നത്.

ക്യാമറ നിര്‍മ്മാതാവ് 2020 ജൂണ്‍ മുതല്‍ അതിന്റെ മുന്‍നിര ക്യാമറയായ ഡി6 ന് ശേഷം ഡിഎസ്എല്‍ആര്‍ ക്യാമറ ഇറക്കിയിട്ടില്ല. കമ്പനി അതിന്റെ Z-സീരീസില്‍ മിറര്‍ലെസ് ക്യാമറകള്‍ അവതരിപ്പിക്കുന്നുണ്ട്. നിക്കോണ്‍ ഇസഡ് 50, ഇസഡ് 70, നിക്കോണ്‍ ഇസഡ് 7II പോലുള്ള മുന്‍നിര മിറര്‍ലെസ് ക്യാമറകള്‍ ഇതിനരം വിപണിയിലുണ്ട്. ഒപ്പം പുതുതായി എത്തുന്ന നിക്കോണ്‍ Z30യും.

കോംപാക്റ്റ് ഡിജിറ്റല്‍ ക്യാമറകളുടെ ഉത്പാദനവും നിക്കോണ്‍ ഇതിനകം നിര്‍ത്തിയിട്ടുണ്ട്. മിറര്‍ലെസ് ക്യാമറകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ടെങ്കിലും, നിലവിലുള്ള എസ്എല്‍ആറുകളുടെ നിര്‍മ്മാണവും വിതരണവും സര്‍വീസും തുടരും.

Back to top button
error: