സെക്രട്ടറിയുമില്ല, ഹെല്‍ത്ത് സൂപ്പര്‍വൈസറുമില്ല; കായംകുളം നഗരസഭയില്‍ ഭരണസ്തംഭനമെന്ന്

കായംകുളം: നഗരസഭയില്‍ കഴിഞ്ഞ കുറെ നാളുകളായി ഭരണ സ്തംഭനമാണെന്ന് യു.ഡി.എഫ് ആരോപിച്ചു.നഗരസഭയില്‍ നിലവില്‍ സെക്രട്ടറി ഇല്ല. സെക്രട്ടറി ഇല്ലെങ്കില്‍ പിന്നീട് ചുമതല നല്‍കേണ്ടത് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്കാണ്.

ഈ തസ്തിക ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടുമാസമായി. അടുത്ത അധികാരി ജനറല്‍ സെക്ഷന്‍ സൂപ്രണ്ടാണ്. ഇദ്ദേഹം രണ്ട് മാസക്കാലമായി അവധിയിലാണ്.
റവന്യൂ സുപ്രണ്ട് ഇദ്ദേഹത്തിന് വിശദീകരണ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ആര്‍ക്കും ഉത്തരവാദിത്തമില്ലാത്ത സാഹചര്യത്തില്‍ ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ നിരാശരായി മടങ്ങുകയാണ്.

കൗണ്‍സില്‍ യോഗങ്ങള്‍ നടക്കുന്ന സമയം സെക്രട്ടറി നിര്‍ബന്ധമായി പങ്കെടുക്കണമെന്നാണ് ചട്ടം. എന്നാല്‍ മൂന്നു മാസാക്കാലമായി സെക്രട്ടറി പങ്കെടുക്കാറില്ല.
ഇതുമൂലം കൗണ്‍സില്‍ യോഗങ്ങളിലെ പല പ്രശ്‌നങ്ങള്‍ക്കും വ്യക്തത വരുത്തുവാന്‍ കഴിയുന്നില്ലെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.കഴിഞ്ഞ ദിവസം സര്‍ക്കാര്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പെന്റിങ് ഫയലുകളുടെ അദാലത്ത് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ നല്‍കാനും നടപടി സ്വീകരിക്കാനും മേധാവികള്‍ ഇല്ലാതിരുന്നതിനാല്‍ അദാലത്ത് നടന്നില്ല.

ഇത് സര്‍ക്കാരിനെ അറിയിക്കാനും അടിയന്തരമായി സെക്രട്ടറിയെ നിയമിക്കാനും ചെയര്‍പേഴ്‌സണ്‍ തയാറാകണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.എസ് ബാഷ, എ.പി ഷാജഹാന്‍, സുമിത്രന്‍, ബിജു നസറുള്ള എന്നിവര്‍ ആവശ്യപ്പെട്ടു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version