പാലക്കാടെ 2 പൊലീസുകാർ മരിച്ചത് കാട്ടുപന്നിയെ പിടിക്കാൻ വെച്ച ഇലക്ടിക്ക്കെണിയിൽ കുടുങ്ങിയെന്ന് വിശദീകരണം, ദുരൂഹത തുടരുന്നു

പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ അശോകന്‍, മോഹന്‍ദാസ് എന്നിവരെ ക്യാമ്പിന് പിന്നിലെ പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിൽ. ഇന്ന് വൈകിട്ടോടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലിൽ കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതകെണി വയ്ക്കാറുണ്ടെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.

മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ക്യാമ്പിന് പിറകിലെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും പറയുന്നു. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതല്‍ കാണാതായിരുന്നതായും വിവരങ്ങളുണ്ട്. അതേസമയം, എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഇന്നലെ മുതൽ ഇവരെ ക്യാമ്പിൽ നിന്ന് കാണാനില്ലായിരുന്നു. ക്യാമ്പിലുളളവർ വിചാരിച്ചത് പുറത്ത് എവിടെയെങ്കിലും പോയതായിരിക്കും എന്നാണ്. എന്നാൽ രാത്രി ഏറെ വൈകിയിട്ടും ഇരുവരും തിരിച്ചെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്. സഹപ്രവർത്തകർ ഇരുവരുടേയും ഫോണുകളിലേക്ക് വിളിച്ചിരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.രാത്രി ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. രാവിലെ വയലിലൂടെ പോയ ആളുകളാണ് മൃതദേഹം ആദ്യം കണ്ടത്.

മരിച്ച രണ്ടുപേരുടെയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി നേരത്തെ അറിയിച്ചിരുന്നു. ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്നും രാത്രി ഇവർ മീൻ പിടിക്കാൻ പോയിരുന്നെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതലൈൻ പൊട്ടിവീഴുകയോ വൈദ്യുതവേലിയോ ഇല്ല. അതിനാൽതന്നെ എങ്ങനെയാണ് ഷോക്കേറ്റതെന്ന് സംബന്ധിച്ച് ദുരൂഹത ഉയർന്നിരുന്നു. മാത്രമല്ല, മരിച്ചതിന് ശേഷം മൃതദേഹങ്ങൾ വയലിൽ കൊണ്ടിട്ടതാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version