ടാറ്റ കെമിക്കല്‍സിന് നാലാം പാദത്തില്‍ മികച്ച നേട്ടം; ഓഹരി വിലയില്‍ 10 ശതമാനം വര്‍ദ്ധനവ്

ന്യൂഡല്‍ഹി: ടാറ്റ കെമിക്കല്‍സിന്റെ ഓഹരി വിലയില്‍ 10 ശതമാനം വര്‍ദ്ധനവ്. 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ  നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധനവുണ്ടായതോടെയാണ് ഓഹരി വിലയും വര്‍ദ്ധിച്ചത്. ഓഹരി വില 9.89 ശതമാനം ഉയര്‍ന്ന് 1,033.75 രൂപയിലാണ് ഇന്നലെ ബിഎസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 11.37 ശതമാനം ഉയര്‍ന്ന് 1,047.75 രൂപയിലേക്ക് ഓഹരി വില എത്തിയിരുന്നു.

എന്‍എസ്ഇയില്‍ 9.87 ശതമാനം ഓഹരി വില ഉയര്‍ന്ന് 1,033 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴിച്ച പുറത്തുവന്ന ടാറ്റ കെമിക്കല്‍സിന്റെ നാലാംപാദ ഫലത്തില്‍ നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം ഇരട്ടിയിലധികം വര്‍ദ്ധനവോടെ 470.24 കോടി രൂപയായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 29.26 കോടി രൂപയായിരുന്നു കമ്പനിയുടെ നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം നാലാംപാദത്തില്‍ 32 ശതമാനം ഉയര്‍ന്ന് 3,481 കോടി രൂപയിലേക്ക് എത്തിയിരുന്നു.  മുന്‍ വര്‍ഷം ഇതേ കാലയളവില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2,636 കോടി രൂപയായിരുന്നു. 2021-22 വര്‍ഷത്തില്‍ ടാറ്റ കെമിക്കല്‍സിന്റെ നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം 221 ശതമാനം ഉയര്‍ന്ന് 1,400 കോടി രൂപയായി ഉയര്‍ന്നിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ 436 കോടി രൂപയായിരുന്നു നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം. 2021-22 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 10,200 കോടി രൂപയില്‍ നിന്നും 23.74 ശതമാനം ഉയര്‍ന്ന് 12,622 കോടി രൂപയുമായി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version