IndiaNEWS

കോവിഡ് രാജ്യത്തെ വിഴുങ്ങുമ്പോൾ “കരുത്തൻ” തളരുന്നുവോ?

ഇപ്പോൾ കുറ്റപ്പെടുത്തേണ്ട സമയമല്ല, വിമർശകരോട് കേന്ദ്രസർക്കാർ അനുകൂലികൾ അടക്കം പറയുന്നു

കോവിഡ് വൈറസ് രാജ്യത്ത് സംഹാരതാണ്ഡവം ആടുകയാണ്. കരുത്തനെന്നോ ദുർബലനെന്നോ ദരിദ്രൻ എന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ആളുകളെ രോഗം പിടികൂടുന്നു. ചിലരെ മരണത്തിന്റെ പാതയിലേക്ക് നയിക്കുന്നു. വരും ആഴ്ചകളിൽ കൂടുതൽ ഭയപ്പെടുത്തുന്ന കാഴ്ചകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇപ്പോൾ കുറ്റപ്പെടുത്തേണ്ട സമയമല്ല, വിമർശകരോട് കേന്ദ്രസർക്കാർ അനുകൂലികൾ അടക്കം പറയുന്നു. ഒന്നിച്ചുനിന്ന് പോരാടേണ്ട സമയം ആണെന്നും അവർ പറയുന്നു.

സ്വയംപ്രഖ്യാപിത ശക്തരായ ഭരണാധികാരികളെ നാം ചരിത്രത്തിൽ എപ്പോഴും കണ്ടിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് മുതൽ ജൈർ ബോത്സനാരോ വരെയും ബെഞ്ചമിൻ നെതന്യാഹു മുതൽ നരേന്ദ്ര മോഡി വരെയും ശക്തൻമാർ എന്ന് വിലയിരുത്തുന്നവർ ആണ്. അവർ സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. താഴെക്കിടയിൽ ഉള്ളവർ പരിമിതമായെങ്കിലും സന്തോഷവാൻമാർ ആണെങ്കിൽ ഇവർ തെരഞ്ഞെടുപ്പുകളിൽ വിജയിക്കും.

ശക്തനായ ഭരണാധികാരി ഒരിക്കലും ചെയ്യാത്ത ഒന്നാണ് തെറ്റ് സമ്മതിക്കുക എന്നത്. തോൽവി അവരുടെ നിഘണ്ടുവിലില്ല, അതെത്ര ചെറുതായാലും.

ശക്തനായ ഭരണാധികാരി തോൽക്കില്ല എന്നാണ് അടിസ്ഥാനവർഗ്ഗം കരുതുന്നത്. “ക്ഷമിക്കണം ഒരു തെറ്റു പറ്റി ” എന്നവർ പറഞ്ഞാൽ അവർ അവതാരങ്ങളോ ദൈവങ്ങളോ അല്ലാതാകും.

ഈ ആഴ്ചയുടെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയിൽ കാര്യമായ ചില മാറ്റങ്ങൾ നാം കണ്ടു. അതൊരു തവണയല്ല ഒന്നിൽക്കൂടുതൽ തവണ ഉണ്ടായി. രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ പ്രധാനമന്ത്രി പണ്ടത്തെപ്പോലെ ആത്മവിശ്വാസമുള്ള ആളല്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ അവകാശവാദങ്ങളോ വാഗ്ദാനങ്ങളോ ഇല്ല.

കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിന്റെ വലിയ വീഴ്ചകളെ കുറിച്ചും പ്രതിവിധികളെക്കുറിച്ചും മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻസിംഗ് സർക്കാരിന് കത്ത് എഴുതിയപ്പോഴും ഇത് വ്യക്തമായി. ആരോഗ്യമന്ത്രി ഉടൻതന്നെ മറുപടിയുമായി രംഗത്തെത്തി. എന്നാൽ അടുത്ത ദിവസത്തെ സർക്കാർ പ്രഖ്യാപനങ്ങളിൽ മൻമോഹൻ സിംഗിന്റെ കത്തിലെ മിക്ക നിർദ്ദേശങ്ങളും സർക്കാരിന്റേതായി പ്രഖ്യാപിക്കപ്പെട്ടു. ശക്തനായ ഭരണാധികാരി നേതൃത്വം നൽകുന്ന ഒരു സർക്കാരിൽ നിന്ന് ഇത് പ്രതീക്ഷിക്കുക വയ്യ.

പശ്ചിമബംഗാളിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വിട്ടുനിന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ് ബംഗാൾ തിരഞ്ഞെടുപ്പ്. എന്നാൽ ഈ നിർണായകഘട്ടത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യാൻ ശക്തനായ ഭരണാധികാരിക്ക് കഴിയില്ലായിരുന്നു.

ഇപ്പോഴുള്ള തിരിച്ചടി താൽക്കാലികമാണ് എന്നാണ് മോഡി ഭക്തർ കരുതുന്നത്. ബംഗാൾ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഈ വീഴ്ചകൾ എല്ലാം അപ്രസക്തമാകും എന്ന് അവർ കരുതുന്നു. നൂറിൽ കൂടുതൽ സീറ്റോ അധികാരമോ പിടിച്ചെടുത്താൽ കോവിഡ് ഉണ്ടാക്കിയ പ്രതിഛായാ പ്രതിസന്ധി മറികടക്കാം എന്നും അവർ പ്രതീക്ഷിക്കുന്നു.

കോവിഡ് വൈറസിനെ കുറിച്ച് ശാസ്ത്രജ്ഞർ ഇനിയും പഠിച്ചു വരുന്നതേയുള്ളൂ. എന്നാൽ ഒരു കാര്യം വ്യക്തമാണ്, വൈറസ് വോട്ട് ചെയ്യില്ല. ജയമോ പരാജയമോ വൈറസിനെ ബാധിക്കില്ല. അത് രോഗം പടർത്തും. ആളുകളെ ദുരിതത്തിലാക്കും. ചിലരെ മരണത്തിന് വിട്ടുകൊടുക്കും. അമിത ആത്മവിശ്വാസം ഉള്ള ഭരണത്തലവൻമാരെ കോവിഡ് പാഠം പഠിപ്പിച്ചിട്ടുണ്ട്. അത് അമേരിക്കയിലായാലും ബ്രസീലിൽ ആയാലും ഈയടുത്ത് ബ്രിട്ടനിൽ ആയാലും. അത് ഇന്ത്യയിലും ആവർത്തിക്കുമോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. ഈ യാഥാർത്ഥ്യം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾക്കൊള്ളുന്നുണ്ട് എന്നതാണ് സമീപകാല പ്രസംഗങ്ങൾ സൂചിപ്പിക്കുന്നത്.

ദാവോസിലെ ലോകസാമ്പത്തിക ഫോറത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം നോക്കുക. അത് നടന്നത് ജനുവരിയിലാണ്. കോവിഡിനെ ഇന്ത്യ തളച്ചു എന്ന വിജയാഹ്ലാദം നരേന്ദ്രമോഡിയുടെ വാക്കുകളിൽ കാണാം. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ ലോകം ഇന്ത്യയെ കുറിച്ചുള്ള ആശങ്കയിലായിരുന്നു. സുനാമി പോലെ കോവിഡ് ഇന്ത്യയെ വരിഞ്ഞു മുറുക്കും എന്ന് ചിലർ കരുതി. 80 കോടി പേർക്ക് വരെ കോവിഡ് ബാധിക്കുമെന്നും 20 ലക്ഷം പേർ വരെ മരിക്കുമെന്നും പലരും പ്രവചിച്ചു. എന്നാൽ ഇന്ത്യ ഇതിന് പിടികൊടുത്തില്ല. മനുഷ്യവംശത്തെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ചു – മോഡി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പ്രോഗ്രാമാണ് ഇന്ത്യയുടെത് എന്ന് മോഡി പ്രഖ്യാപിച്ചു. ലോകത്തെ വാക്സിൻ കയറ്റി അയച്ച് ഇന്ത്യ എങ്ങനെയാണ് രക്ഷിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ചും മോഡി വിവരിച്ചു.

ഫെബ്രുവരിയിൽ ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് പാസാക്കിയ പ്രമേയം സമാന ആശയം പങ്കുവയ്ക്കുന്നു. ” അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കരുത്തുറ്റ നേതൃത്വത്തിന്റെ ശ്രമഫലമായി ഇന്ത്യ കോവിഡിനെ തോൽപ്പിച്ചെന്ന് മാത്രമല്ല, ജനങ്ങൾക്ക് ആത്മവിശ്വാസമേകി ആത്മ നിർഭരർ ഭാരത് കെട്ടിപ്പടുത്തു. ” പ്രമേയം തുടരുന്നു, ” കോവിഡിനെതിരെ ഉള്ള പോരാട്ടത്തിൽ രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ശക്തമായ നേതൃത്വത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു. ”

എന്നാൽ വൈറസ് വാക്കോ പ്രസംഗമോ കേട്ടില്ല. അലംഭാവം വൈറസ് മുതലെടുത്തു.

ഫെബ്രുവരി മധ്യത്തോടെ കൂടിയാണ് രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിക്കാൻ തുടങ്ങിയത്. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആയിരുന്നു തുടക്കം. ഇതിൽ ഏറ്റവും പ്രധാനവും ബിജെപി ശ്രദ്ധിച്ചതും മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളാണ്. സഹായത്തിനായി ഉദ്ധവ് താക്കറെ സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു കൊണ്ടേയിരുന്നു. ആ സമയം ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ എങ്ങനെ കോവിഡിനെ മറികടന്നു എന്ന ഹാർവാർഡ് പഠനവും വന്നു.

രാജ്യാതിർത്തികൾ പോലും വിഷയം അല്ലാത്ത വൈറസിന് സംസ്ഥാന അതിർത്തികൾ വിഷയമോ? വൈറസ് പടർന്നു പിടിച്ചപ്പോൾ ബിജെപിക്ക് ആശയക്കുഴപ്പമായി. വലിയൊരു വിജയം പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും എങ്ങനെ യുദ്ധം പ്രഖ്യാപിക്കും? വൈറസ് പടർന്നുപിടിക്കുന്നത് ആർക്കും തടയാൻ ആകുന്നില്ല. എന്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും.

വേറെ എന്തിന് നിയന്ത്രണമുണ്ടായാലും മതാഘോഷങ്ങൾ ക്ക് ഒരു കടിഞ്ഞാണും ഉണ്ടായില്ല. ശിവരാത്രിയും ഗുഡ് ഫ്രൈഡേയും ഹോളിയും എല്ലാം പതിവുപോലെ നടന്നു. കുംഭമേള പൂർണതോതിൽ നടത്താൻ അനുമതി നൽകി. താൻ ഇതുവരെ കാണാത്ത റാലിയാണ് അഭിസംബോധന ചെയ്യുന്നത് എന്ന് പശ്ചിമബംഗാളിൽ നിന്ന് പ്രധാനമന്ത്രി വിളിച്ചു പറഞ്ഞു. ആ ദിവസമായിരുന്നു മൻമോഹൻസിംഗ് കേന്ദ്രത്തിന് കത്തെഴുതിയത്.

അപ്പോഴാണ് പ്രതിസന്ധി ഭരണകൂടം എല്ലാ അർത്ഥത്തിലും തിരിച്ചറിയുന്നത്. അപ്പോഴേക്കും ലക്ഷക്കണക്കിന് പേർ രോഗത്തിലേക്ക് വീണിരുന്നു. ആയിരങ്ങൾ മരിച്ചുവീണു. വാക്സിനേഷൻ പ്രക്രിയ കുറച്ചുകൂടി വേഗത്തിൽ ആക്കിയിരുന്നെങ്കിൽ ഇന്ത്യ ഈ ദുരന്തത്തെ വാരിപ്പുണരില്ലായിരുന്നു. മരുന്നും ഓക്സിജനും വേണ്ടത്ര സംഭരിച്ചിരുന്നെങ്കിൽ ഇത്രയും മരണങ്ങൾ ഉണ്ടാകുമായിരുന്നില്ല. വാക്സിൻ കയറ്റി അയക്കുന്ന രാജ്യം ഓക്സിജൻ പ്ലാന്റുകൾ ഇറക്കുമതി ചെയ്യേണ്ട ആവശ്യം വരില്ലായിരുന്നു. ലോകം മുഴുവൻ വാക്സിൻ വിതരണം ചെയ്യുമെന്ന് പറഞ്ഞ രാജ്യം ഇപ്പോൾ കയറ്റുമതി തടഞ്ഞിരിക്കുകയാണ്.

രാജ്യം പ്രതിസന്ധിയെ തന്നെയാണ് അഭിമുഖീകരിക്കുന്നത്. എല്ലാവരും ഒറ്റക്കെട്ടായി ഇതിന് നേരിടണം എന്ന് പറയുന്നതും ശരിതന്നെയാണ്. എന്നാൽ ഒരു ഭരണകൂടം അലംഭാവം കൊണ്ട് പൗരന്മാരെ മരണത്തിന് വിട്ട് കൊടുക്കുന്നെങ്കിൽ അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. മോഡിക്ക് മുമ്പിൽ ഇനി ഒറ്റ മാർഗമേയുള്ളൂ വാക്സിനേഷൻ വേഗത്തിലാക്കുക. എന്നാൽ വാക്സിൻ വിതരണം കോർപ്പറേറ്റുകളുടെ കുത്തകക്ക് വിട്ടുകൊടുത്ത്, സംസ്ഥാനങ്ങളെ മത്സരത്തിനു വിട്ടുകൊടുത്ത് എങ്ങിനെയാണ് അങ്ങനെയൊരു പ്രക്രിയ വേഗം പൂർത്തിയാക്കുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker