NewsThen Special

പ്രശ്‌നങ്ങളൊഴിയാതെ കോണ്‍ഗ്രസ്സ്: പ്രതിക്കൂട്ടില്‍ ഹൈക്കമാന്റ്

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്‌നങ്ങളൊഴിയാതെ കോണ്‍ഗ്രസ്സ് വലയുന്നു. ലതികാ സുഭാഷിന്റെ തലമുണ്ഡനവും, പ്രവര്‍ത്തകരുടെ കൂട്ടരാജിയും, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ എതിരഭിപ്രായങ്ങളും, ഭരണം പിടിക്കാമെന്ന പ്രത്യാശ നഷ്ടമായെന്ന കെ.സുധാകരന്റെ തുറന്നു പറച്ചിലും കോണ്‍ഗ്രസ്സിനെ വലയ്ക്കുകയാണ്. എന്നാല്‍ കേരളത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ക്ക് പിന്നിലെ കാരണക്കാര്‍ ഹൈക്കമാഡാണെന്നാണ് എ.ഐ ഗ്രൂപ്പുകള്‍ പറയുന്നത്. ഹൈക്കാമാഡിനെ നിയന്ത്രിക്കുന്ന കെ.സി വേണുഗോപാലിനെ തന്നെയാണ് ഗ്രൂപ്പുകള്‍ പ്രശ്‌നങ്ങളുടെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ കേരളത്തിലെ ഗ്രൂപ്പുകളും കെ.സി വേണുഗോപാലും തമ്മിലുള്ള പോരാട്ടത്തിന് കളം ഒരുങ്ങുകയാണ്.

മുസ്ലിം ലീഗിന്റെയും ബിജെപിയുടെയും അവസ്ഥ ഏകദേശം സമാനമാണ്. പാര്‍ട്ടിക്കുള്ളിലെ പോര്‍വിളികളും തമ്മില്‍ തല്ലും അവസാനിപ്പിച്ച ശേഷം സ്വസ്ഥമായി തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തേക്ക് എന്ന് കടക്കും എന്ന കാര്യവും സംശയത്തിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് മൂന്നിടത്തേയും പ്രശ്‌നം. നിലിവില്‍ ഇടതുപക്ഷത്തിന് മാത്രമാണ് വലിയ പരിക്കുകളും പ്രതിഷേധങ്ങളുമില്ലാതെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താന്‍ സാധിച്ചിട്ടുള്ളത്. പ്രചരണ രംഗത്ത് ഇടതുപക്ഷം ശ്രദ്ധേയമായ മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു. പത്രിക സമര്‍പ്പണം തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈയവസരത്തിലും ഇടതു പക്ഷത്തൊഴികെ പ്രശ്‌നങ്ങള്‍ കലുശിതമാവുകയാണ്. പ്രശ്‌ന പരിഹാരത്തിനായി മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തിയിട്ടും അനുനയ ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇത് തന്നെയാണ് യുഡിഎഫും ബിജെപിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഇന്ദിരാ ഭവന് മുന്‍പില്‍ ലതികാ സുഭാഷ് നടത്തിയ തലമൊട്ടയടിക്കല്‍ പ്രതിഷേധം കോണ്‍ഗ്രസ്സിന് വരുത്തിയ നാണക്കേട് ചെറുതല്ല. അതിന്റെ അങ്കലാപ്പ് ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ നീറി പുകയുന്നുമുണ്ട്. 2004 ല്‍ കോണ്‍ഗ്രസ്സിന് സംഭവിച്ച കൂട്ട തോല്‍വി ഈ വര്‍ഷത്തെ നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്ന പേടി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കടക്കമുണ്ട്. വിമത സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയതാണ് ലീഗില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. ലീഗിന്റെ ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന് അടക്കമുള്ളവര്‍ക്കെതിരെയുള്ള നീക്കം മറ്റൊരു വശത്തും നടക്കുന്നുണ്ട്. ബിജെപിയിലേക്ക് വന്നാല്‍ ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ പ്രശ്‌നം. കഴക്കൂട്ടത്ത് സീറ്റ് നല്‍കി ആ പ്രശ്‌നം രമ്യമായി പരിഹരിച്ചതോടെയാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ ആര്‍.ബാലശങ്കര്‍ തനിക്ക് സീറ്റ് നല്‍കാതെ അവഗണിച്ചു എന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. തന്നെ മന:പൂര്‍വ്വം ഒഴിവാക്കിയതാണെന്നും ബിജെപി-സിപിഎം ഡീല്‍ തന്റെ കാര്യത്തില്‍ നടന്നെന്നുമായിരുന്നു ബാലശങ്കറിന്റെ ആരോപണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker