NEWS

‘മോള്‍നുപിരവിര്‍’ ; കൊവിഡിനെതിരെ ഗുളികയ്ക്ക് അനുമതി നല്‍കി ബ്രിട്ടണ്‍

ലണ്ടന്‍: കൊവിഡ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള ഗുളികയ്ക്ക് അനുമതി നല്‍കി ബ്രിട്ടണ്‍. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്ന അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന ‘മോള്‍നുപിരവിര്‍’ എന്ന ആന്റിവൈറല്‍ ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്. ലോകത്ത് ആദ്യമായാണ് ഒരു ആന്റി വൈറല്‍ ഗുളിക കൊവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്നത്.

കൊവിഡ് ചികില്‍സ രംഗത്ത് വലിയ മാറ്റം ഈ ഗുളികയുടെ ഉപയോഗം വരുത്തുമെന്നാണ് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പറയുന്നത്. ഫ്‌ലൂചികില്‍സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കൊവിഡ് രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന കണ്ടെത്തലാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍. ലക്ഷണമുള്ളവര്‍ ഈ ഗുളിക ഉപയോഗിക്കുന്നത്, അവര്‍ക്ക് ആശുപത്രി വാസം ഒഴിവാക്കാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം രോഗലക്ഷണം കാണിച്ചു തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ ഈ മരുന്ന് കഴിക്കുന്നതാണ് അഭികാമ്യം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അമേരിക്കന്‍ ഫാര്‍മ കമ്പനി എംഎസ്ഡിയാണ് ഈ ഗുളിക നിര്‍മ്മിക്കുന്നത്. അംഗീകാരം ലഭിച്ചതോടെ ഇവര്‍ക്ക് വലിയ ഓഡറാണ് ബ്രിട്ടണ്‍ നല്‍കിയിരിക്കുന്നത്. നവംബര്‍ മാസത്തില്‍ മാത്രം 4,80,000 കോഴ്‌സ് ‘മോള്‍നുപിരവിര്‍’ ബ്രിട്ടനില്‍ ലഭ്യമാകും. അതേ സമയം ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നിശ്ചയിച്ചാല്‍ മാത്രമേ ഒരു രോഗിക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കൂ. ബ്രിട്ടന് പുറമേ, അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും ഈ ഗുളിക വാങ്ങുവാന്‍ നിര്‍മ്മാതാക്കളുമായി കരാര്‍ ഉണ്ടാക്കിയെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Back to top button
error: