ഷാ ,യോഗി ,നദ്ദ താര പ്രചാരകരെ ഇറക്കി ബിജെപി , തെലങ്കാനയിലെ ഗ്രെയ്റ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനെ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിനെ പോലെ കണ്ടത് എന്തുകൊണ്ട് ?

ബിഗ് 4 എന്നാണ് ബിജെപിയുടെ താരപ്രചാരകർ അറിയപ്പെടുന്നത് .നരേന്ദ്ര മോഡി ,അമിത് ഷാ ,യോഗി ആദിത്യനാഥ് ,ജെ പി നദ്ദ എന്നിവർ ആണവർ .ഇതിൽ 3 പേർ ഗ്രെയ്റ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനെത്തി എന്നത് കൗതുകകരമായ സംഗതി ആണ് ,മോഡി ഒഴികെയുള്ള 3 പേർ.ഒരു തദ്ദേശ തെരഞ്ഞെടുപ്പിന് ഈ മൂന്ന് പേർ തെലങ്കാനയിൽ എത്തിയത് ഏവരെയും ആശ്ചര്യപ്പെടുത്തി .

“ഇനി ഡൊണാൾഡ് ട്രംപ് കൂടിയേ വരാറുള്ളൂ “ഒവൈസി കളിയാക്കി പറഞ്ഞത് ആണെങ്കിലും യാഥാർഥ്യവും അതാണ് .പാർട്ടിയോടുള്ള പ്രതിബദ്ധത എന്നൊക്കെ വിളിക്കാമെങ്കിലും ബിജെപിയ്ക്ക് ഈ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട് .

അടുത്തിടെ നടന്ന ദുബാക്ക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തെലങ്കാന ഭരിക്കുന്ന ടിആർഎസിനെ അട്ടിമറിച്ച് അമ്പരപ്പിക്കുന്ന വിജയം നേടി .2018 ൽ വലിയ മാർജിനിൽ ടിആർഎസ് ജയിച്ച സീറ്റ് ആണിത് .തെലങ്കാന അസംബ്ലിയിലെ അഞ്ചിലൊന്ന് ഭാഗം ഈ തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നുണ്ട് .അതായത് 119 അംഗ നിയമസഭയിലെ 24 മണ്ഡലങ്ങൾ .

ജിഎച്ച്എംസിയ്ക്ക് 150 വാർഡുകൾ ആണുള്ളത് .മുൻതെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ലഭിച്ചത് ആകട്ടെ 5 വാർഡുകളും .2018 ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 7 % വോട്ടാണ് .എന്നാൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ബിജെപിയുടെ വോട്ടോഹരി 19 .5%ആയി .

കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു ഇപ്പോഴത്തെ ആന്ധ്രയും തെലങ്കാനയും ഉൾപ്പെടുന്ന ആന്ധ്ര പ്രദേശ് .എന്നാൽ കോൺഗ്രസ് വോട്ടുകൾ ടിആർഎസും വൈ എസ് ആർ സി പിയും ജനസേനയും കൊണ്ടുപോയി .ഒവൈസിയ്ക്ക് ആകട്ടെ ഹൈദരാബാദിനപ്പുറം വളരാൻ കഴിഞ്ഞില്ല .

എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ ശത്രു ഒവൈസി ആണെന്ന് തോന്നും പ്രചാരണം കണ്ടാൽ .തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളിൽ “നിസാം സംസ്കാരത്തിൽ നിന്ന് ഹൈദരാബാദിനെ മോചിപ്പിക്കാൻ ആണ് ബിജെപി “എന്നാണ് അമിത് ഷാ പറഞ്ഞത് .സ്വാതന്ത്ര്യത്തിന് ശേഷം ഹൈദരാബാദ് നിസാം ഇന്ത്യയിൽ ചേരാൻ വിസമ്മതിച്ചതിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പരാമർശം .

നിയമസഭാ തെരഞ്ഞെടുപ്പിൽ ഹൈദരാബാദ് നിസാമിന്റെ പാരമ്പര്യം പിൻപറ്റുന്നയാൾ എന്നാണ് യോഗി ആദിത്യനാഥ് ഒവൈസിയെ വിളിച്ചത് .ഇത്തവണ ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പേര് മറ്റും എന്നാണ് ഇക്കുറി യോഗി പറഞ്ഞത് .

ജിഎച്ച്എംസി തെരഞ്ഞെടുപ്പിനെ സാധാരണ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ആയല്ല ബിജെപി കാണുന്നത് എന്നത് വ്യക്തം .2023 ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ നീക്കം .2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ബിജെപിയെ തെലങ്കാനയിലെ ഒന്നാം രാഷ്ട്രീയ പാർട്ടി ആക്കുക ആണ് ലക്‌ഷ്യം .

ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ എതിരാളികൾ ടിആർഎസും ഒവൈസിയുടെ എ ഐ എം ഐ എമ്മുമാണ് .99 സീറ്റിൽ ആണ് ടിആർഎസുമായി ബിജെപി നേരിട്ട് ഏറ്റുമുട്ടുന്നത് .51 മറ്റു സീറ്റുകളിൽ ഒവൈസിയുടെ പാർട്ടി കൂടി വരുന്നതോടെ ത്രികോണ മത്സരം ആണ് നടക്കുന്നത് .വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version