NEWS

കര്‍ഷകനിയമത്തിനെതിരെ ഡല്‍ഹിയില്‍ കടുത്ത പ്രതിഷേധം; ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടറിന് തീയിട്ടു

ന്യൂഡല്‍ഹി: കര്‍ഷകനിയമത്തിനെതിരെ ഡല്‍ഹിയില്‍ കടുത്ത പ്രതിഷേധം. പ്രതിഷേധക്കാര്‍ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടറിന് തീയിട്ടു. തുടര്‍ന്ന് പൊലീസ് ട്രാക്ടര്‍ നീക്കം ചെയ്യുകയും അഗ്‌നിശമന വകുപ്പ് തീ അണയ്ക്കുകയും ചെയ്തു.

ഇരുപതോളം ആളുകള്‍ ഒത്തുകൂടിയാണ് പഴയ ട്രാക്ടറിന് തീയിട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, പഞ്ചാബിലെ കര്‍ഷകര്‍ അമൃത്സര്‍-ഡല്‍ഹി റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. കര്‍ഷകര്‍, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

കഴിഞ്ഞ ദിവസമാണ് രാജ്യവ്യാപകമായി ഉയര്‍ന്ന കര്‍ഷക പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ മൂന്ന് ബില്ലുകളാണ് രാഷ്ട്രപതി ഒപ്പുവച്ചത്. ഇതോടെ കാര്‍ഷിക ബില്‍ നിയമമായി. കാര്‍ഷികോത്പന്ന വിപണന പ്രോത്സാഹന ബില്‍ 2020, കര്‍ഷക ശാക്തീകരണ സേവന ബില്‍ 2020, അവശ്യസാധന (ഭേദഗതി) ബില്‍ 2020 എന്നിവയാണ് നിയമമായത്. ബിജെപിക്ക് വന്‍ ഭൂരിപക്ഷമുള്ള ലോക്സഭയില്‍ ബില്‍ അനായാസം പാസായിരുന്നു. എന്നാല്‍, രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം തള്ളിയത് വന്‍ എതിര്‍പ്പുണ്ടാക്കി. വിവാദ ബില്ലുകളും പാര്‍ലമെന്റ് രേഖകളും കീറിയെറിഞ്ഞാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

Back to top button
error: