കണ്ണൂർ: റബ്ബറിന്റെ വില എന്നു പറയുന്നത് എന്നെ വിമർശിക്കുന്നവർക്ക് നിസ്സാരമായിരിക്കും.പക്ഷേ അത് മലയോര കർഷകർക്ക് അത്ര നിസാര വിഷയമായല്ലെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.താൻ പറഞ്ഞത് മലയോര കർഷകരുടെ നിലപാടാണെന്നും സഭയും ബി.ജെ.പിയും തമ്മിലുള്ള സഖ്യമായി ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകരുമായി കൂടിയാലോചിച്ചെടുത്ത നിലപാടാണത്.അവരുടെ പൊതുവികാരം താൻ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്.അല്ലാതെ സഭയുടെ ആശയം പ്രചരിപ്പിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മാറ്റത്തിന്റെ സൂചനയാണ് ബിഷപ്പിന്റെ വാക്കുകളെന്നും ക്രൈസ്തവ സഭകൾക്ക് മോദി സർക്കാരിലുള്ള വിശ്വാസം വർധിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ
സുരേന്ദ്രൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലും ബിജെപി സർക്കാർ അധികാരത്തിൽ വരുന്ന കാലം വിദൂരമല്ലെന്ന് നേരത്തെ മോദി പറഞ്ഞിരുന്നു.എല്ലാ വിഭാഗം ജനങ്ങളും അതിനെ ഏറ്റെടുക്കാൻ പോകുന്നുവെന്നതിന്റെ ഉദാഹരണമായിട്ടാണ് ബിഷപ്പിന്റെ നിരീക്ഷണങ്ങളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞതിൽ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.