KeralaNEWS

കരുവന്നൂരില്‍ പ്രതിരോധത്തിലായത് സി.പി.എമ്മെങ്കില്‍ പെട്ടത് സി.പി.ഐ! കണ്ടലയില്‍ പ്രതിരോധത്തിലായത് സി.പി.ഐയെങ്കില്‍ പെട്ടത് സി.പി.എം!

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പില്‍ പ്രതിരോധത്തിലായത് സിപിഎമ്മാണെങ്കില്‍ കണ്ടലയില്‍ അത് സിപിഐയാണ്. തട്ടിപ്പുകളിലെ ഇഡി അന്വേഷണം പുരോഗമിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിലായത് ഇരു പാര്‍ട്ടികളിലും ആശങ്കയുയര്‍ത്തുന്നുണ്ട്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായാല്‍ അത് ഏറ്റവുമധികം ബാധിക്കുക സിപിഐയെയാണ്. കാരണം കരുവന്നൂര്‍ ഉള്‍പ്പെടുന്ന തൃശൂര്‍ ലോക്സഭാ സീറ്റ് സിപിഐയുടേതാണ്. ഇക്കുറിയും സിപിഐ സ്ഥാനാര്‍ഥി തന്നെയാണ് മത്സരത്തിനിറങ്ങുക. കരുവന്നൂര്‍ തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയസാധ്യതയെ ബാധിക്കുമോ എന്ന ആശങ്ക സിപിഐ നേതാക്കള്‍ പരോക്ഷമായി പങ്കുവെച്ചിരുന്നു. എന്നാല്‍ കണ്ടലയില്‍ ഇഡി അന്വേഷണം തുടങ്ങിയതോടെ തലവേദന സിപിഎമ്മിനാണ്.

Signature-ad

കണ്ടല ഉള്‍പ്പെടുന്ന പ്രദേശം ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലാണ്. മത്സരിക്കുന്നതാകട്ടെ സിപിഎം സ്ഥാനാര്‍ഥിയും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ടല പ്രധാന ചര്‍ച്ചാ വിഷയമായാല്‍ സിപിഎമ്മിനാണ് തിരിച്ചടിയാകുക. ഇടതുകോട്ടയായാണ് ആറ്റിങ്ങല്‍ മണ്ഡലം അറിയപ്പെടുന്നത്. എന്നാല്‍ മണ്ഡലത്തില്‍ കഴിഞ്ഞതവണ വിജയിച്ചത് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് ആണ്. 1991ന് ശേഷം ആദ്യമായാണ് യുഡിഎഫ് മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത്.

69,000ത്തോളം വോട്ടിന് 2015ല്‍ ഇടതുമുന്നണി വിജയിച്ച മണ്ഡലമാണ് 40,000ത്തോളം വോട്ടുകള്‍ക്ക് യുഡിഎഫ് കഴിഞ്ഞതവണ പിടിച്ചെടുത്തത്. ഇത്തവണ എന്തുവില കൊടുത്തും ആറ്റിങ്ങല്‍ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് സിപിഎം നേതാക്കള്‍ പറയുമ്പോഴാണ് ഇടിത്തീയായി കണ്ടലയില്‍ ഇഡി വരുന്നത്. എഎ റഹീം, വയലാര്‍ രവി, തലേക്കുന്നില്‍ ബഷീര്‍ എന്നീ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ ജയിച്ച ആറ്റിങ്ങല്‍ മണ്ഡലം 1991ല്‍ സുശീല ഗോപാലനിലൂടെയാണ് എല്‍ഡിഎഫ് തിരിച്ചുപിടിച്ചത്. അതിനുശേഷം നടന്ന ഒരു തെരഞ്ഞെടുപ്പിലും യുഡിഎഫ് ആറ്റിങ്ങലില്‍ വിജയിച്ചിട്ടില്ല. മൂന്നുതവണ വര്‍ക്കല രാധാകൃഷ്ണനും മൂന്നുതവണ എ സമ്പത്തുമായിരുന്നു വിജയികള്‍.

വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കിളിമാനൂര്‍, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതായിരുന്നു ചിറയിന്‍കീഴ് ലോക്സഭാ മണ്ഡലം. എന്നാല്‍ 2008 ലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ കിളിമാനൂര്‍, ആര്യനാട് മണ്ഡലങ്ങള്‍ ഇല്ലാതായി. കഴക്കൂട്ടം മണ്ഡലം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തോടു ചേര്‍ന്നു. പുതുതായി രൂപപ്പെട്ട അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങള്‍ ആറ്റിങ്ങലിനൊപ്പമായി. നിലവില്‍ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം.

 

 

Back to top button
error: