ഇടുക്കി: പാര്‍ട്ടി പരിപാടിക്ക് പോകാന്‍ സി.പി.എം. പ്രവര്‍ത്തകരെ പഞ്ചായത്ത് വാഹനത്തില്‍ കയറ്റിയതിനെ ചോദ്യം ചെയ്ത പഞ്ചായത്ത് ഡ്രൈവറെ പഞ്ചായത്ത് പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്തു. 20 വര്‍ഷമായി കൊന്നത്തടി പഞ്ചായത്തിന്റെ ഡ്രൈവറായിരുന്ന എന്‍.സി. ബേബിയെയാണ് പഞ്ചായത്ത് ഭരണസമിതി സസ്പെന്‍ഡ് ചെയ്തത്. സര്‍ക്കാരിന്റെ സ്ഥിരം ജീവനക്കാരനാണ് ബേബി. പ്രതിഷേധവുമായി കോണ്‍ഗ്രസ് കൊന്നത്തടി മണ്ഡലം കമ്മിറ്റി രംഗത്ത്.
കഴിഞ്ഞമാസം 20-നായിരുന്നു സംഭവം. സി.പി.എമ്മിന്റെ രാജാക്കാട് പാര്‍ട്ടി ഓഫീസില്‍ നടക്കുന്ന കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിന് പ്രസിഡന്റ് പഞ്ചായത്ത് വാഹനത്തില്‍ കൊന്നത്തടിയില്‍നിന്ന് പുറപ്പെട്ടു. വാഹനത്തില്‍ അനുവദനീയമായ എണ്ണത്തിലും കൂടതല്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും ഒപ്പം കയറ്റി. എന്നാല്‍, പഞ്ചായത്ത് വാഹനത്തില്‍ പഞ്ചായത്തുമായി ബന്ധമില്ലാത്തവരെ കയറ്റുന്നത് നിയമവിരുദ്ധമാണെന്നും, യാത്രയില്‍ ഏതെങ്കിലും തരത്തില്‍ അപകടം ഉണ്ടായാല്‍ ഡ്രൈവറായ താന്‍ മറുപടി പറയേണ്ടി വരുമെന്ന് ബേബി പ്രസിഡന്റിനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായി.
തര്‍ക്കമുണ്ടായെങ്കിലും വാഹനത്തില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകരെ ഇറക്കാന്‍ പ്രസിഡന്റ് തയ്യാറായില്ല. പ്രസിഡന്റിന്റെ നിര്‍ദേശാനുസരണം ഇവരെ രാജാക്കാടിന് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, അടുത്തദിവസം പ്രസിഡന്റ് ബേബിക്ക് സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന കമ്മിറ്റിയില്‍ പ്രസിഡന്റ് വിഷയം അവതരിപ്പിച്ചു.
ഭരണകക്ഷി അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റിന്റെ സസ്പെന്‍ഷന്‍ ഉത്തരവ് കമ്മിറ്റി അംഗീകരിക്കുകയും, സ്റ്റിയറിങ്ങ് കമ്മിറ്റിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തി. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം പഞ്ചായത്ത് വാഹനത്തിന്റെ ദുരുപയോഗം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് കൊന്നത്തടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാല്‍, തന്നോട് ധിക്കാരപരമായി സംസാരിച്ചതിന്റെ പേരിലാണ് പഞ്ചായത്ത് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തതെന്ന് കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് പറഞ്ഞു.