LocalNEWS

തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു; നാലു പേര്‍ക്ക് പരുക്ക്

കണ്ണൂര്‍/കാസര്‍ഗോഡ്: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു. കല്യാശ്ശേരി സെന്‍ട്രല്‍ കരിക്കാട്ട് മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ ക്ഷീരകര്‍ഷകന്‍ കണ്ണാടിയന്‍ കുഞ്ഞിരാമന്‍ (78), പുല്ലൂര്‍ ഉദയനഗര്‍ ഗവ. യു.പി. സ്‌കൂളിന് സമീപത്തെ കെ.എസ്.എഫ്.ഇ. മുന്‍ മാനേജര്‍ എ.പി.ഗോവിന്ദന്‍ നായര്‍ (84) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ വയലില്‍ പശുവിനെ കെട്ടാന്‍ പോയപ്പോഴാണ് കുഞ്ഞിരാമന് കുത്തേറ്റത്. തെങ്ങിന് മുകളിലുണ്ടായ തേനീച്ചക്കൂടിന്റെ ഒരുഭാഗം ദേഹത്തേക്ക് വീഴുകയായിരുന്നു. പരുന്തിന്റെ ആക്രമണത്തിലാണ് തേനീച്ചക്കൂട് വീണതെന്ന് കതുതുന്നു. അവശനായി വീണ കുഞ്ഞിരാമനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനിടെ, സമീപത്തുകൂടി നടന്നുപോകുകയായിരുന്ന ശ്രീഹരി, നിതിന്‍ കെ.സജീവന്‍, പാറപ്പുറം സ്വദേശി സജീവന്‍, എം.റനീഷ് എന്നിവര്‍ക്കും പശുവിനും തേനീച്ചയുടെ കുത്തേറ്റു. പാപ്പിനിശ്ശേരിയിലെ പഴയ പി.ജി. പ്ലൈവുഡ് തൊഴിലാളിയാണ് കുഞ്ഞിരാമന്‍. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തില്‍.

ശനിയാഴ്ച വൈകിട്ടോടെയാണ് ഗോവിന്ദന്‍ നായര്‍ക്ക് കുത്തേറ്റത്. വണ്ണാര്‍വയലിലെ പറമ്പിലേക്ക് നടന്നുപോകുന്നതിനിടെ ഉദയനഗര്‍ കമ്യൂണിറ്റി ഹാള്‍ പരിസരത്താണ് സംഭവം. തലയ്ക്കും മുഖത്തും കുത്തേറ്റ ഗോവിന്ദന്‍ നായരെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിസയ്ക്കിടെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

 

 

Back to top button
error: