NEWSWorld

ജിപിഎസ് വഴിതെറ്റിച്ചു എത്തിച്ചത് തകര്‍ന്ന പാലത്തില്‍, കാർ നദിയിലേക്ക് വീണു; മകളുടെ ജന്മദിനം ആഘോഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ 47കാരന് ദാരുണാന്ത്യം

വാഷിംഗ്ടണ്‍: ജിപിഎസ് നല്‍കിയ വഴിയില്‍ കൂടി യാത്ര ചെയ്യവേ തകര്‍ന്ന പാലത്തില്‍ നിന്ന് നദിയിലേക്ക് വീണ് നാല്‍പ്പത്തിയേഴുകാരനായ യുഎസ് പൗരന് ദാരുണാന്ത്യം. അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലാണ് സംഭവം. രണ്ട് കുട്ടികളുടെ പിതാവായ യുഎസ് പൗരനെയാണ് മകളുടെ ജന്മദിനം ആഘോഷിച്ച ശേഷം മടങ്ങുന്നതിനിടെ നാവിഗേഷൻ സംവിധാനം വർഷങ്ങൾക്ക് മുമ്പ് തകർന്ന പാലത്തിലേക്ക് എത്തിച്ചത്. നോര്‍ത്ത് കരോളിനയിലെ ഹിക്കോറി നഗരത്തില്‍ സെപ്റ്റംബര്‍ 30നാണ് സംഭവമുണ്ടായത്.

മകളുടെ ജന്മദിനം ആഘോഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ ഫില്‍ പാക്‍സണ്‍ എന്നയാള്‍ സഞ്ചരിച്ച കാറാണ് നദിയിലേക്ക് വീണത്. രാത്രിയില്‍ ജിപിഎസില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ഫില്‍ യാത്ര ചെയ്തതെന്ന് അദ്ദേഹത്തിന്‍റെ ഭാര്യാമാതാവ് ലിൻഡ മക്ഫീ കൊയിനിഗ് ഫേസ്ബുക്കില്‍ കുറിച്ചു. നാവിഗേഷൻ സംവിധാനം ഫില്ലിനെ കോൺക്രീറ്റ് റോഡിലൂടെ നദിയിലേക്ക് വീഴുന്ന പാലത്തിലേക്ക് എത്തിക്കുകയായിരുന്നു.

ഒൻപത് വർഷം മുമ്പ് തകര്‍ന്ന പാലത്തിലേക്കാണ് ഫില്‍ വാഹനം ഓടിച്ചെത്തിയത്. പാലം തകര്‍ന്നിട്ടും ഒരിക്കലും അതിന്‍റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല. അപകടത്തെക്കുറിച്ച് ഫില്ലിന് മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള സുരക്ഷാ തടസങ്ങളോ അടയാളങ്ങളോ പാലത്തിൽ ഉണ്ടായിരുന്നില്ലെന്നും ഭാര്യാമാതാവ് ആരോപിച്ചു. അപകടത്തെത്തുടർന്ന്, നോർത്ത് കരോളിന ഹൈവേ പട്രോൾ സ്ഥലത്തെത്തി ആവശ്യ നടപടികള്‍ സ്വീകരിച്ചു.

ഒക്ടോബർ ഒന്നിന് രാവിലെ 24 സ്ട്രീറ്റ് പ്ലേസ് നോർത്ത് ഈസ്റ്റിനു സമീപമുള്ള ക്രീക്കിൽ മിസ്റ്ററിലാണ് ഫില്ലിന്‍റെ വാഹനം കണ്ടെത്തിയത്. തകർന്ന പാലത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച് ഇങ്ങനെ ഒരു ദുരന്തം ഒഴിവാക്കാനാകുമായിരുന്നു എന്നാണ് ഫില്ലിന്‍റെ ഭാര്യ അലീസിയ പാക്സണ്‍ കുറിച്ചത്. 2014 മുതല്‍ പാലം ജീര്‍ണിച്ച് അവസ്ഥയിലായിരുന്നു. ഈ വിഷയത്തില്‍ ഒരു അവബോധം കൊണ്ട് വരാന്‍ ഭര്‍ത്താവിന്‍റെ ജീവനാണ് നഷ്ടപ്പെടുത്തേണ്ടി വന്നതെന്നും അലീസിയ പറഞ്ഞു.

Back to top button
error: