KeralaNEWS

ആറ് മാസത്തിനിടെ നിര്‍മ്മിച്ച റോഡുകളില്‍ വിജിലന്‍സ് പരിശോധന; മുറിച്ചെടുത്ത സാമ്പിള്‍ പരിശോധിച്ചശേഷം നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് മാസത്തിനിടെ നിര്‍മ്മിച്ച വിവിധ റോഡുകളില്‍ വിജിലന്‍സ് സംഘത്തിന്റെ മിന്നല്‍ പരിശോധന. വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. വിവിധ റോഡുകളുടെ നിര്‍മ്മാണത്തില്‍ അപകാതയുള്ളതായി പരാതി ലഭിച്ചിരുന്നെന്നും ഈ സാഹചര്യത്തിലാണ് പരിശോധനയെന്നും വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെയുള്ള റോഡിലെ ചെളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും കൃത്യമായ അളവില്‍ ടാറും ഉപയോഗിച്ചാണോ റോഡ് പുനര്‍നിര്‍മ്മിച്ചത് എന്നറിയാന്‍ ടാറിങ്ങിന്റെ ഒരു ഭാഗം സാമ്പിളായി വിജിലന്‍സംഘം ശേഖരിച്ചു. പ്രത്യേക മെഷീന്‍ ഉപയോഗിച്ച് റോഡിന്റെ ചെറുഭാഗം മുറിച്ചെടുത്താണ് സംഘം സാമ്പിള്‍ ശേഖരിച്ചത്. ഇത് പരിശോധനയ്ക്കായി ലാബില്‍ അയയ്ക്കും. ഈ റോഡ് സാംപിളുകളുടെ ലാബ് റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ വിജിലന്‍സ് തുടര്‍നടപടി സ്വീകരിക്കുക.

മലപ്പുറം ജില്ലയില്‍ നാല് റോഡുകളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നുണ്ട്. ആനക്കയം തിരൂര്‍ക്കാട് റോഡ്, പാണ്ടിക്കാട് കിഴക്കേ പാണ്ടിക്കാട് റോഡ്, പുലാമന്തോള്‍ കുളത്തൂര്‍ റോഡ്, തിരൂര്‍ വെട്ടം റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

 

Back to top button
error: