ഉള്ളിയുടെ തൊലിയിൽ കാണുന്ന കറുത്ത നിറം എന്താണ്?

ചില ഉള്ളികളിൽ കറുത്ത പൂപ്പൽ പോലെയുള്ള പൊടി കാണാറുണ്ട്. ആസ്‌പർഗില്ലസ് നൈജർ (Aspergillus niger) എന്ന ഫംഗസ് മൂലമുണ്ടാകുന്ന പൂപ്പലാണ് ഉള്ളികളിലും മറ്റ് പല പഴവർഗങ്ങളിലും കാണപ്പെടുന്ന കറുത്ത പൊടി. ‘ബ്ലാക്ക് മോൾഡ്’ എന്ന് അറിയപ്പെടുന്ന ഈ പൂപ്പൽ വളരെ സാധാരണമാണ്.
ഉള്ളികളിൽ കാണപ്പെടുന്ന ആസ്‌പർഗില്ലസ് നൈജർ ഒട്ടും തന്നെ അപകടകാരി അല്ല. ഫംഗസ് ഉള്ള ലെയർ എടുത്ത് മാറ്റുകയോ, ഫംഗസിനെ കഴുകി കളയുകയോ ചെയ്‌താൽ മതി. ഇനി അഥവാ കുറച്ച് ഫംഗസ് വയറ്റിൽ ചെന്നാലും പേടിക്കേണ്ടതില്ല.
രോഗപ്രതിരോധശേഷി കുറവായ വളരെ ചുരുക്കം ചില ആളുകളിൽ ഈ ഫംഗസ് അസുഖം ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.ഫംഗസിന്റെ അളവ് ഉള്ളിയിൽ കൂടുതൽ ആണെങ്കിൽ അതായത് ഫംഗസ് ഉള്ളിയേ ഒരുപാട് ബാധിച്ചിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
ഭക്ഷണാവശ്യത്തിനായി എടുക്കുന്ന ഉള്ളി പകുതി ഉപയോഗിച്ച ശേഷം മറ്റേ പകുതി ഫ്രിഡ്ജില്‍ കയറ്റി വയ്ക്കുന്നത് പലപ്പോഴും സ്ഥിരം കാഴ്ചയാണ്. ഇങ്ങനെ എടുത്തുവയ്ക്കുന്ന ഉള്ളിയില്‍ ബാക്ടീരിയ കയറുമെന്നും  ഇത് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമൊക്കെയുള്ള   സംശയങ്ങള്‍ നമുക്കിടയില്‍ ഒരുപാടുണ്ട്. അരിഞ്ഞ ഉള്ളി 12 മണിക്കൂറിലേറെ പുറത്തിരുന്നാല്‍ അവ വിഷലിപ്തമാകുമെന്നും ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നുണ്ട്. അതിനാല്‍, ഉള്ളി മുറിച്ചതിന് ശേഷം ഉടനടി വേവിക്കുന്നതാണ് ഉചിതമെന്ന് ഈ പ്രചാരത്തില്‍ പറയുന്നു.
ഉള്ളി എപ്പോഴും അതാത് സമയത്തേക്ക് ഉള്ളത് മാത്രമേ എടുക്കാവൂ. മുറിച്ചുവച്ച ശേഷം പിന്നീട് ഉപയോഗിക്കാന്‍ മാറ്റിവയ്ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന്  വിദഗ്ധർ പറയുന്നുണ്ട്.എന്നാല്‍, അതിനു കാരണം നേരത്തെ പറഞ്ഞ ബാക്ടീരിയ ആഗിരണമല്ല. ഉള്ളിയിലെ അസിഡിക് പിഎച്ച് സാന്നിധ്യം സൂക്ഷ്മാണുക്കളുടെയും , ബാക്ടീരിയയുടെയും വളര്‍ച്ച തടയുന്നതിനാല്‍ അവ വിഷലിപ്തമാകുന്നില്ല. അതേസമയം, മുറിച്ചു വച്ച ഉള്ളി പിന്നീട് ഉപയോഗിക്കുന്നതുകൊണ്ട് ആരോഗ്യത്തിനു യാതൊരു ഗുണവും ചെയ്യില്ലെന്നും അതിന്റെ പരിശുദ്ധി ഇല്ലാതാക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. മുറിച്ചുവയ്ക്കുന്ന ഉള്ളി രോഗകാരികളായ ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ല. ലളിതമായി പറഞ്ഞാല്‍, ഉള്ളി മുറിക്കുക എന്നത് രോഗ രൂപീകരണത്തിലേക്ക് നയിക്കണമെന്നില്ല. ശരിയായി കൈകാര്യം ചെയ്യുമ്പോള്‍, മുറിച്ച ഉള്ളി റഫ്രിജറേറ്ററില്‍ അടച്ച പാത്രത്തില്‍ 7 ദിവസം വരെ സൂക്ഷിക്കാമെന്നാണ് യുഎസിലെ നാഷനല്‍ അണിയന്‍ അസോസിയേഷന്‍ പറയുന്നത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version