LIFEReligion

മാര്‍ ബസേലിയോസ് ദയറായ്ക്ക് അനുഗ്രഹനിമിഷം; സഭാ ചരിത്രത്തില്‍ അദ്യമായി ഒരേ ആശ്രമത്തില്‍നിന്ന് മൂന്നുപേര്‍ ഒരുമിച്ച് മേല്‍പ്പട്ടസ്ഥാനം സ്വീകരിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ അഭിഷേകം ചെയ്യപ്പെട്ട ഏഴുപേരില്‍ മൂന്നുപേരും കോട്ടയം ഭദ്രാസനത്തില്‍നിന്ന് പഠിച്ചിറങ്ങിയവര്‍. സഖറിയാസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവരാണ് കോട്ടയം ഭദ്രാസനത്തിന്റെ ഭാഗമായി പഠിച്ചിറങ്ങിയത്. ഇവര്‍ മൂന്നു പേരും ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായിലെ അംഗങ്ങളും കാലം ചെയ്ത കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ ശിഷ്യന്‍മാരുമായിരുന്നു. സഭയുടെ ചരിത്രത്തില്‍ ഒരു ആശ്രമത്തില്‍നിന്ന് ഒന്നിലധികം പേര്‍ ഒരുമിച്ച് മെത്രാന്‍മാരാകുന്നത് ആദ്യമാണ്.

ആലപ്പുഴ പുല്ലേപ്പറമ്പില്‍ പരേതനായ തോമസ് ചാക്കോയുടെയും അന്നമ്മയുടെയും മകനാണ് തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത. കോട്ടയം ഭദ്രാസനത്തിലെ ചേന്നങ്കരി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്.ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും കോട്ടയം െവെദിക സെമിനാരിയില്‍ വച്ച് ശെമ്മാശപട്ടവും ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ വച്ച് പൂര്‍ണ ശെമ്മാശപട്ടവും സ്വീകരിച്ചത്.

ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത തുമ്പമണ്‍ ചെന്നീര്‍ക്കരയില്‍ കിഴക്കേമണ്ണില്‍ വീട്ടില്‍ പി. സി. ജോഷ്വായുടെയും പി. സി. മേരിക്കുട്ടിയുടെയും മകനാണ്. 2001ല്‍ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായാണ് പഴയ സെമിനാരിയില്‍ വച്ച് ശെമ്മാശപട്ടവും, ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ വച്ച് 2002ല്‍ പൂര്‍ണ്ണശെമ്മാശപട്ടവും നല്‍കിയത്. സഖറിയാസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത,വാകത്താനം ചിറത്തിലാട്ട് സി. ജോണ്‍ കോറെപ്പിസ്‌കോപ്പായുടെയും ലിസിയുടെയും മകനാണ്. വാകത്താനം ഞാലിയാകുഴി ദയറായില്‍ വച്ച് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ 2006-ല്‍ ശെമ്മാശപട്ടവും, പൂര്‍ണ്ണ ശെമ്മാശപട്ടവും, വൈദിക പട്ടവും നല്‍കി.

Back to top button
error: